ദാവോസ് : ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താത്പര്യമുണ്ടെന്നും, യുദ്ധങ്ങളിലൂടെ തങ്ങൾ പാഠം പഠിച്ചെന്നുമുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന പുറത്ത് വന്ന് ദിവസങ്ങൾക്കകം മോദി വിമർശനവുമായി പാകിസ്ഥാൻ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കവേയാണ് പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാർ ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഒരു പങ്കാളിയെ തങ്ങളുടെ രാജ്യം കാണുന്നില്ലെന്നായിരുന്നു ഹിനയുടെ പരാമർശം. എന്നാൽ മോദിയുടെ മുൻഗാമികളായിരുന്ന മൻമോഹൻ സിംഗും, അടൽ ബിഹാരി വാജ്‌പേയും അങ്ങനെയായിരുന്നില്ലെന്നും പാക് മന്ത്രി തുറന്നടിച്ചു. വേൾഡ് ഇക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിൽ ദക്ഷിണേഷ്യയെക്കുറിച്ചുള്ള സെഷനിൽ പങ്കെടുക്കവേയാണ് ഹിന റബ്ബാനി ഖാർ തന്റെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

മുൻപ് താൻ വിദേശകാര്യ മന്ത്രിയായിരിക്കുമ്പോൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി കഠിനമായി പ്രയത്നിച്ചിരുന്നു. ഇപ്പോഴത്തെ അപേക്ഷിച്ച് അന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നെന്നും ഹിന റബ്ബാനി വ്യക്തമാക്കി. എന്നാൽ ഇതേ സെഷനിൽ പങ്കെടുത്ത ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ പാകിസ്ഥാനെ രൂക്ഷമായി വിമർശിക്കുകയും മോദിയെ പുകഴ്ത്തുകയും ചെയ്തു. പാകിസ്ഥാനുമായി സമാധാനത്തിനായി പ്രധാനമന്ത്രി മോദി പലതവണ കൈ നീട്ടിയെന്നാണ് അദ്ദേഹം ഹിനയ്ക്കുള്ള മറുപടിയായി പറഞ്ഞത്.


മറ്റൊരു അയൽക്കാരുമായും ഇന്ത്യക്ക് പ്രശ്നങ്ങളില്ലാത്തതിനാൽ പ്രശ്നം തങ്ങളുടെ ഭാഗത്തുനിന്നാണെന്ന് പാകിസ്ഥാൻ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനാൽ നിലവിലെ പ്രധാനമന്ത്രി സന്നദ്ധത കാട്ടിയില്ലെന്ന ആരോപണത്തിൽ അർത്ഥമില്ലെന്നും രവിശങ്കർ പറഞ്ഞു.