ഡെറാഡൂണ്‍: ജോഷിമഠില്‍ ദുരിത മേഖലയില്‍ ഭക്ഷണമെത്തിച്ച് മടങ്ങിയ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്‍വിന്‍ പി. ഏബ്രഹാം (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ബിജ്‌നോര്‍ രൂപതയില്‍ സേവനം ചെയ്യുകയായിരുന്നു ഫാ.മെല്‍വിന്‍.

​ജോഷിമഠില്‍ ബിജ്നോര്‍ രുപതയുടെ സനന്ദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ് ഫാ.മെല്‍വിന്‍. മറ്റ് രണ്ടു വൈദികര്‍ക്കൊപ്പമാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ഭക്ഷണം എത്തിച്ച ശേഷം തിരികെ പോകുന്നതിനിടെ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചപരിധി നഷ്ടപ്പെടുകയും വാഹനം ​കൊക്കയിലേക്ക് മറിയുകയുമായിരുന്നു. മറ്റ് രണ്ട് വൈദികര്‍ക്കും പരിക്കുറ്റു. ഇന്നു രാവിലെയാണ് അപകട സ്ഥലത്തുനിന്നും മൃതദേഹം സൈന്യത്തിന് പുറത്തെടുക്കാന്‍ കഴിഞ്ഞിത്. മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ചയായിരിക്കും സംസ്കാരം.

ഇന്ന് രാവിലെയാണ് അപകട വിവരം ബന്ധുക്കളെ അറിയിച്ചത്. നാട്ടില്‍ നിന്നും ബന്ധുക്കള്‍ ​ബിജ്നോറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തെ തുടര്‍ന്ന് ജോഷിമഠില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകുകയാണ്. നിരവധി കുടുംബങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.