ന്യൂഡൽഹി: കാളി ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ സംവിധായിക ലീന മണിമേഖലയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി. കേസുകളിൽ ലീന മണിമേഖലയ്‌ക്കെതിരെ തുടർ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

കാളി പോസ്റ്റർ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് ഫെബ്രുവരി 20ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീന സുപ്രീം കോടതിയെ സമീപിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഒന്നാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

ഡോക്യുമെന്ററിയുടെ പ്രചാരണത്തിനായി പുറത്തിറക്കിയ പോസ്റ്ററിൽ കാളിദേവിയുടെ വേഷമിട്ട ഒരു സ്ത്രീ പുകവലിക്കുന്ന ദൃശ്യമടങ്ങിയ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെ ലീനയ്‌ക്കെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. എല്ലാം ഉൾക്കൊള്ളുന്ന ദേവിയായി കാളിയെ അവതരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ലീനയുടെ ഹർജിയിൽ പറയുന്നു.