വരും ആഴ്ചകളില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ട്വിറ്റര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്രോഡക്ട് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് ചില വിഭാഗങ്ങളിലും പിരിച്ചുവിടലുണ്ടായേക്കാം. ഇലോണ്‍ മസ്‌കിന്റെ കമ്പനി പിരിച്ചുവിടലുകള്‍ അവസാനിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കമ്പനി ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരുകയാണ്. മിച്ചമുള്ള ഓഫീസ് സാധനങ്ങള്‍ പോലും ലേലം ചെയ്യുന്നുണ്ട്. ഇതിനിടെ നിരവധി ട്വിറ്റര്‍ ഓഫീസുകളുടെ ഭൂവുടമകള്‍ക്ക് മസ്‌ക് വാടക നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.

ഒക്ടോബര്‍ അവസാനത്തോടെ മസ്‌കിന്റെ ഔപചാരികമായ ഏറ്റെടുക്കലിനെ തുടര്‍ന്നാണ് ട്വിറ്ററില്‍ കൂട്ട പിരിച്ചുവിടലുകള്‍ ആരംഭിച്ചത്. കമ്പനിയുടെ തൊഴിലാളികളുടെ എണ്ണം 7500 ല്‍ നിന്ന് ഏകദേശം 3500 ആയി കുറഞ്ഞു. തുടര്‍ന്നുള്ള ആഴ്ചകളില്‍, കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചിലര്‍ മസ്‌കിന്റെ പ്രവര്‍ത്തന ശൈലിയോട് പൊരുത്തപ്പെടാനാകാതെ സ്വമേധയാ പിരിഞ്ഞുപോകുകയും ചെയ്തു. ഏറ്റവും പുതിയ പിരിച്ചുവിടലിലൂടെ ജീവനക്കാരുടെ എണ്ണം 2000-ല്‍ താഴെയായി കുറയുമെന്നാണ് വിവരം.

പരസ്യദാതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ ട്വിറ്റര്‍ ‘വരുമാനത്തില്‍ വന്‍ ഇടിവ്’ നേരിടുന്നുണ്ടെന്ന് നവംബറില്‍ മസ്‌ക് പറഞ്ഞിരുന്നു. ട്വിറ്ററിന്റെ നാലാം പാദ വരുമാനം 35 ശതമാനം ഇടിഞ്ഞ് 1.025 ബില്യണ്‍ ഡോളറിലെത്തിയതായി ഈ ആഴ്ച ആദ്യം പുറത്തുവന്ന കണക്കുകളില്‍ വ്യക്തമാകിയരുന്നു. മുന്‍ നേതൃത്വത്തിന് കീഴില്‍ ആസൂത്രണം പോലും ചെയ്യാതെ കമ്പനി അശാസ്ത്രീയമായി പണം ചെലവഴിച്ചുവെന്ന് മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ കമ്പനി അദ്ദേഹം ഏറ്റെടുത്തതിനെത്തുടര്‍ന്ന് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും സൗജന്യ ഉച്ചഭക്ഷണം നിര്‍ത്തുകയും ചെയ്തു.

നിലവില്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യാന്‍ തൊഴിലാളികളോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഓഫീസുകളുടെ വാടക നല്‍കുന്നില്ലെന്ന വ്യാപക ആരോപണങ്ങള്‍ക്കിടെ ഈ നിര്‍ദ്ദേശം പിന്‍വലിക്കപ്പെടാന്‍ സാധ്യതയുണ്ട്. നിയമനടപടിയും മസ്‌ക് നേരിടുന്നു. ചെലവ് ലാഭിക്കുന്നതിനായി ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസ് സൗകര്യങ്ങള്‍ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടറുകള്‍, അടുക്കള ഉപകരണങ്ങള്‍, ട്വിറ്റര്‍ സ്മരണികകള്‍ എന്നിങ്ങനെ മിച്ചമുള്ള ഓഫീസ് ഇനങ്ങള്‍ കമ്പനി വിറ്റിരുന്നു. 

ട്വിറ്റര്‍ മാത്രമല്ല, മറ്റ് ടെക് ഭീമന്മാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മൈക്രോസോഫ്റ്റ് 10,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ വര്‍ഷം അവസാനം ആമസോണും ജീവനക്കാരെ ഒഴിവാക്കി. നവംബറില്‍ ഏകദേശം 11,000 തൊഴിലാളികളെ മെറ്റ പിരിച്ചുവിട്ടിരുന്നു. ഷെയര്‍ചാറ്റ് , ഡണ്‍സോ തുടങ്ങിയ കമ്പനികളും അടുത്തിടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.