ഗുണ്ടാ ബന്ധത്തിന്റെ പേരിൽ സംസ്ഥാനത്ത് കൂടുതൽ പോലീസുകാർക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായ കെജെ ജോണ്‍സൻ, വിജിലൻസ് ഡിവൈഎസ്‌പിയായ എം പ്രസാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്‌. ഗുണ്ടകളുടെ സാമ്പത്തിക ഇടപാടിൽ ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടനിലക്കാരയെന്ന കണ്ടെത്തലിന് പിന്നാലെയാണ് അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

കേരള പോലീസിലെ ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങൾ ശക്തമാകുന്നതിന് ഇടയിലാണ് ഇതിനെ ശരിവയ്ക്കുന്ന വാർത്തകൾ തലസ്ഥാനത്ത് നിന്ന് തന്നെ പുറത്തുവരുന്നത്. ഗുണ്ടാ-മാഫിയ ബന്ധം ആരോപിച്ച് നേരത്തെ നാല് ഇൻസ്പെക്‌ടർമാരെയും, ഒരു സബ്-ഇൻസ്പെക്‌ടറെയും സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ഡിവൈഎസ്‌പിമാർക്ക് കൂടി നടപടി നേരിടേണ്ടി വരുന്നത്.

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ.ജോണ്‍സണ്‍, വിജിലൻസ് സ്പെഷ്യൽ ഇവെസ്‌റ്റിഗേഷൻ യൂണിറ്റ്-ഒന്നിലെ ഡിവൈഎസ്‌പിയായ എം പ്രസാദ് എന്നിവരെയാണ് ഏറ്റവുമൊടുവിൽ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌. 

തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാ നേതാക്കളായ നിധിൻ, രഞ്ജിത്ത് എന്നിവർ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ സസ്പെൻഷനിലായ രണ്ട് ഡിവൈഎസ്‌പിമാരും ഇടനിലക്കാരായെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഗുണ്ടാ നേതാക്കൾക്ക് ഇടയിലുള്ള തർക്കം പരിഹരിക്കാൻ പോലീസ് ഉദ്യോഗസ്ഥരും അടുത്തിടെ സസ്പെൻഷനിലായ റെയിൽവെ ഇൻസ്പെക്‌ടർ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി. ഇതിനൊപ്പം ജോണ്‍സൻെറ മകളുടെ ജൻമാദിനാഘോഷത്തിന് ഗുണ്ടകള്‍ പണപ്പിരിവ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.