ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. രാഹുലിനെ പപ്പുവായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം മിടുക്കനായ മനുഷ്യനാണെന്നും രഘുറാം രാജന്‍ പറഞ്ഞു. കഴിഞ്ഞ മാസം രാജസ്ഥാനിലെ പര്യടനത്തിനിടെയാണ് അദ്ദേഹം രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത്. 

‘അത്തരത്തില്‍ ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഞാന്‍ കരുതുന്നു. ഒരു പതിറ്റാണ്ടോളം ഞാന്‍ അവരുമായി പല മേഖലകളിലും ഇടപെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഒരു ‘പപ്പു’ (വിഡ്ഢി) അല്ല. അദ്ദേഹം മിടുക്കനും ചെറുപ്പവും ജിജ്ഞാസയുമുള്ള മനുഷ്യനുമാണ്. മുന്‍ഗണനകള്‍, അടിസ്ഥാന അപകടസാധ്യതകള്‍, അവ വിലയിരുത്താനുള്ള കഴിവ് എന്നിവയെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അക്കാര്യത്തില്‍ അദ്ദേഹത്തിന് തികഞ്ഞ കഴിവുണ്ടെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭാരത് ജോഡോ യാത്ര ലക്ഷ്യമിടുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതിനാലാണ് രാഹുല്‍ ഗാന്ധിയ്ക്കൊപ്പം താന്‍ പങ്കുചേര്‍ന്നത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ലെന്നും രഘുറാം രാജന്‍ വെളിപ്പെടുത്തി. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാളിനോട് സംസാരിക്കുകയായിരുന്നു രഘുറാം രാജന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ രഘുറാം രാജന്‍ വിമര്‍ശിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെയും താന്‍ വിമര്‍ശിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം തീര്‍ത്തും തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.