ഭാരത് ജോഡോ യാത്രയുടെ വിജയത്തിൽ നിന്ന് ഊർജമുൾക്കൊണ്ട്, ഛത്തിസ്‌ഗഢിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ആവേശം വർധിപ്പിക്കുന്നതിനായി ‘ഹാഥ് സേ ഹാഥ്  ജോഡോ യാത്ര’ എന്ന പേരിൽ ഒരു പുതിയ ക്യാമ്പയിൻ ആരംഭിച്ചു. ജനുവരി 26ന് ഛത്തിസ്‌ഗഢിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും യാത്ര ആരംഭിക്കും. 20 മുൻ കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും യാത്ര നിയന്ത്രിക്കും.

ഛത്തിസ്‌ഗഢിൽ 90,000 കിലോമീറ്റർ പിന്നിടുക എന്ന ലക്ഷ്യത്തോടെ, കോൺഗ്രസ് രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും ഭരണകാലത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങളെക്കുറിച്ച് വോട്ടർമാരെ ബോധവത്കരിക്കുകയും ചെയ്യും. 

ഇതിന് മുന്നോടിയായി വ്യാഴാഴ്‌ച രാവിലെ 11.30ന് സംസ്ഥാന എക്‌സിക്യൂട്ടീവുമാരുമായും ജില്ലാ പ്രസിഡന്റുമാരുമായും ‘ഹാഥ് സേ ഹാഥ് ജോഡോ’ യാത്രയുടെ സംസ്ഥാന സൂപ്പർവൈസർ അരുൺ യാദവും, സംസ്ഥാന പ്രസിഡന്റ് മോഹൻ മർകവും യോഗം ചേർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കോൺഗ്രസ് പാർട്ടി ‘ഹാഥ് സേ ഹാഥ് ജോഡോ’ യാത്ര ആരംഭിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടത്തുക: ജില്ലാ ബ്ലോക്ക് തലത്തിൽ ഒരു യാത്ര, ജില്ലയിൽ ഒരു കൺവെൻഷൻ, സംസ്ഥാനമൊട്ടാകെയുള്ള യാത്ര എന്നിങ്ങനെയാണിത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും യാത്രയിൽ പങ്കെടുക്കും.

സംസ്ഥാനത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്‌മയും, സാമ്പത്തിക അരക്ഷിതാവസ്ഥയും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഫെബ്രുവരി രണ്ടാം വാരത്തിൽ ഛത്തിസ്‌ഗഢിലെ റായ്‌പൂരിൽ പാർട്ടി മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.