ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ 10-15 മീറ്ററോളം ഇവരെ കാറിൽ വലിച്ചിഴച്ചു. സംഭവത്തിൽ 47കാരനായ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, കാറിൽ കയറാൻ മലിവാൾ വിസമ്മതിക്കുകയും, ഇയാളെ ശാസിക്കുകയും ചെയ്‌തതോടെ ഡ്രൈവർ ഹരീഷ് ചന്ദ്ര ഉടനെ ഗ്ലാസ് വിൻഡോ താഴ്ത്തുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 341, 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്‌ച പുലർച്ചെ 3:11ന് എയിംസ് ഗേറ്റിന് സമീപം ഒരു സ്ത്രീയെ വെളുത്ത ബലേനോ കാർ വലിച്ചിഴയ്ക്കുന്നതായി പട്രോളിംഗ് വാഹനം പോലീസിനെ അറിയിച്ചിരുന്നു. 

കാറിൽ തന്നോടൊപ്പം കയറാൻ അയാൾ മലിവാളിനെ നിർബന്ധിക്കുകയായിരുന്നു. ഇതിന് വഴങ്ങാതെ അക്രമിയെ  പിടിക്കാൻ അവർ കാർ വിൻഡോയിലൂടെ കൈയിട്ടപ്പോൾ, അയാൾ ഗ്ലാസ് താഴ്ത്തുകയായിരുന്നു. ഇതിൽ അവരുടെ കൈ കുടുങ്ങി. പിന്നീട് വാഹനം 10-15 മീറ്ററോളം അവരെയും കൊണ്ട് മുന്നോട്ട് സഞ്ചരിച്ചതായാണ് റിപ്പോർട്ടുകൾ.

ഇരുപത് വയസുകാരിയായ അഞ്ജലി സിംഗിനെ 12 കിലോമീറ്ററോളം വലിച്ചിഴച്ച ‘കാഞ്ജവാല ഹിറ്റ് ആൻഡ് റൺ’ കേസിന് ആഴ്‌ചകൾക്ക് ശേഷമാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി ഒന്നിന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലി ചെയ്‌തിരുന്ന അഞ്ജലി സുഹൃത്ത് നിധിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ ബലേനോ കാർ ഇടിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ട് പ്രകാരം അഞ്ജലിയുടെ കാൽ കാറിന്റെ ഇടത് മുൻ ചക്രത്തിൽ കുടുങ്ങി 12 കിലോമീറ്ററോളം വലിച്ചിഴച്ചു.

ജനുവരി ഒന്നിന് പുലർച്ചെയാണ് ഔട്ടർ ഡൽഹിയിലെ കഞ്ജവാലയിൽ സംഭവം നടന്നത്. കാറിൽ യാത്ര ചെയ്‌ത അഞ്ച് പേരും അവരുടെ കൂട്ടാളികളും അറസ്‌റ്റിലായിരുന്നു. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമൂലമുള്ള മരണം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.