തിരുവനന്തപുരം: പത്തനംതിട്ടയിലെ റാന്നിയില്‍ റോഡ് നിര്‍മ്മാണത്തിനായി കമ്പിക്ക് പകരം തടിക്കഷണം ഉപയോഗിച്ച സംഭവത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തിയല്ലിത്. ചില തെറ്റായ പ്രവണതകള്‍  പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി  ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

ത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ റോഡ് പണിയുടെ ഭാഗമായുള്ള കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാര്‍ത്തയാണ്. മനസ്സില്‍ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്. 

പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണം നടത്തുന്നവരുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നു. 

ചില തെറ്റായ പ്രവണതകള്‍  പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി  ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു. 
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ വിമര്‍ശനങ്ങള്‍ അഭിപ്രായങ്ങള്‍ തുടര്‍ന്നും ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..”

റാന്നി പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടു പാലം റോഡില്‍ പാലത്തിന്റെ ഡി.ആര്‍. കെട്ടുന്നതിനായി കോണ്‍ക്രീറ്റ് തൂണുകളിലാണ് കമ്പി ഉപയോഗിക്കുന്നതിനു പകരം തടി ഉപയോഗിച്ചത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെ മാധ്യമങ്ങളും വിഷയം ഏറ്റുപിടിച്ചതോടെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി തന്നെ പ്രതികരിച്ചത്. റീബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് നിര്‍മാണം നടക്കുന്നതെന്നാണ് വിവരം.