തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറിയുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. വരുന്ന സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

ഇതോടൊപ്പം വിവിധ നികുതികളില്‍ വര്‍ധനവ് വരുത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പകളുടെ പരിധി കുറയ്ക്കുകയും ജി എസ് ടി നഷ്ടപരിഹാരം നല്‍കാതെയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസുകളില്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ മറ്റ് മാര്‍മില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. 

12 വര്‍ഷം മുമ്പ് 2010ലാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില അവസാനമായി പരിഷ്‌ക്കരിച്ചത്. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ 2022ല്‍ പ്രത്യേക സമിതി രൂപീകരിച്ചു. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാകും ന്യായവില വര്‍ധന സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്ത് പല നികുതികളും പരിഷ്‌ക്കരിക്കാത്ത സാഹചര്യത്തിലും സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലും ഇക്കുറി നികുതി നിരക്കുകളില്‍ വര്‍ധന ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ധനവകുപ്പില്‍ നിന്നും ലഭിച്ചിട്ടുള്ളത്.

വികസ്വര സാമ്പത്തിക സാഹചര്യത്തിന് അനുസൃതമായി പ്രൊഫഷണല്‍ നികുതി അടക്കമുള്ള എല്ലാ നികുതികളും വര്‍ദ്ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തന്നെ അഭിപ്രായപ്പെട്ടിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനായി കെട്ടിട നികുതിയിലും പരിഷ്‌ക്കരണം വരുത്താന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

നീതി ആയോഗിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കെട്ടിട നികുതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. ആറ് വര്‍ഷം മുമ്പാണ് നേരത്തേ കെട്ടിട നികുതി വര്‍ധിപ്പിച്ചത്.  നാല് വര്‍ഷം മുമ്പ് 2018ല്‍ ധനകാര്യ കമ്മീഷന്‍ കെട്ടിടനികുതി 25 ശതമാനം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് സമഗ്രമായ പരിഷ്‌ക്കരണം നടപ്പിലാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെട്ടിട നികുതി വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഇക്കുറി സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്.