പാലാ: പാലായില്‍ കാല്‍നടയാത്രികയായ യുവതിയെ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. കല്ലറ ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനെയാണ് കാറിടിച്ചത്. അപകടത്തില്‍ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും ഇതുവരെ കാര്‍ കണ്ടെത്താനായിട്ടില്ല. 

പാലായിലെ മരിയന്‍ ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സ്‌നേഹ റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വായുവില്‍ ഉയര്‍ന്ന് കറങ്ങിയ  യുവതി താഴെ വീണു. തുടര്‍ന്ന് കാര്‍ അല്‍പ്പം വേഗം കുറച്ചെങ്കിലും യുവതിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും തിരക്കാതെ കടന്നുകളയുകയായിരുന്നു. സംഭവം കണ്ട് നിന്നവരാണ് യുവതിയെ ആശുപത്രിയിലാക്കിയത്. അപകടത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ കാര്‍ കണ്ടെത്താനായിട്ടില്ല.