ന്യൂഡൽഹി: ഉത്തർപ്രദേശിലെ അമേഠിയിൽ ഇന്തോ-റഷ്യൻ സംയുക്ത സംരംഭം കലാഷ്‌നിക്കോവ് എകെ 203 തോക്കുകളുടെ നിർമ്മാണം ആരംഭിച്ചു. തോക്കുകൾ വൈകാതെ ഇന്ത്യൻ സൈന്യത്തിന് കൈമാറും. എകെ 203 വരുന്നതോടെ മൂന്ന് ദശാബ്ദമായി ഉപയോഗിക്കുന്ന ഭാരമേറിയ ഇൻസാസ് റൈഫിളുകൾ വഴിമാറും. ഭാരം കുറഞ്ഞതും പ്രഹര ശേഷിയുള്ളതുമായ ആറ് ലക്ഷം എകെ 203 തോക്കുകൾക്കുള്ള 5,124 കോടിയുടെ പദ്ധതിയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നു.

കശ്മീർ പോലുള്ള ശൈത്യ മേഖലകളിൽ പ്രവർത്തക്ഷമത നഷ്ടമാകുന്നതും വെടിയുതിർക്കുമ്പോൾ കണ്ണിലേക്ക് എണ്ണ തെറിക്കുന്നതും അമിത ഭാരമടക്കമുള്ള പ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇൻസാസ് റൈഫിളുകൾ പിൻവലിക്കുന്നത്.

തോക്ക് നിർമ്മാണത്തിനായുള്ള 70000 മുതൽ ഒരു ലക്ഷം വരെ റൈഫിളുകളും അവയുടെ സാങ്കേതിക വിദ്യയും റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് അയച്ചിരുന്നു. കലാഷ്‌നികോവ് പരമ്പരയിലെ ഏറ്റവും നൂതനമായ ആക്രമണ റൈഫിളാണ് എകെ 203. ഇൻഡോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഇത് നിർമ്മിക്കുന്ന കമ്പനിയുടെ പേര്. ഏത് കാലാവസ്ഥയിലും പ്രവർത്തിക്കും എന്നതാണ് എകെ 203യുടെ ഏറ്റവും വലിയ പ്രത്യേകത. 

3.8 കിലോഗ്രാം മാത്രമാണ് ഈ തോക്കുകളുടെ ഭാരം. 705 മീറ്ററാണ് നീളം. എകെ 203 7.62×39 എംഎം ബുള്ളറ്റുകൾ ഉപയോഗിക്കുന്നു, അവ കൂടുതൽ മാരകമാണ്. ശത്രുവിനെ വളരെ ദൂരെ നിന്ന് വരെ കീഴ്‌പ്പെടുത്താൻ സാധിക്കും. ഒരു മാഗസിനിൽ 30 തിരികൾ ഉൾപ്പെടുത്താനാകും. ലക്ഷ്യം കൃത്യമായി കാണാനുള്ള സംവിധാനവും കൈയ്യിൽ ഉറപ്പിച്ച് പിടിക്കാനുള്ള ഗ്രിപ്പുമുണ്ട്.

ഇൻസാസന് 20 മുതൽ 30 റൗണ്ടുകളുള്ള ഒരു മാഗസിനുകളുണ്ട്. അതേസമയം എകെ 203യ്ക്ക് 30 റൗണ്ടുകളുള്ള ഒരു ബോക്‌സ് മാഗസിനുകളും ഉണ്ട്.ഇൻസാസിന്റെ വേഗത സെക്കൻഡിൽ 915 മീറ്ററാണ്. എകെ203ന്റേത് സെക്കൻഡിൽ 715 മീറ്ററാണ്. രണ്ട് റൈഫിളുകളും പ്രവർത്തിക്കുന്നത് ഗ്യാസ് ഓപ്പറേറ്റഡ്, റൊട്ടേറ്റിംഗ് ബോൾട്ട് സാങ്കേതികവിദ്യയിലാണ്. ഇൻസാസിനെ അപേക്ഷിച്ച് എകെ 203യുടെ ടെലിസ്‌കോപ്പ് കൂടുതൽ ശക്തിയേറിയതാണ്.