പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങി. പിടി 7 എന്ന കാട്ടാന ധോണിയില്‍ വീടിന്റെ മതില്‍ തകര്‍ത്തു. അര്‍ദ്ധരാത്രി 12 മണിയോടെയാണ് ആനയിറങ്ങിയത്. ഭീതി പരത്തി ഏറെ നേരം ജനവാസമേഖലയില്‍ തുടര്‍ന്ന ആനയെ പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാടുകയറ്റി. 

അതേസമയം പിടി 7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ഇന്ന് രാത്രിയോടെ ധോണിയില്‍ എത്തും. വയനാട്ടില്‍ നിന്നുള്ള ദൗത്യസംഘമാണ് എത്തുന്നത്. നാളെയോ മറ്റെന്നാളോ ആനയെ മയക്കുവെടി വച്ചേക്കും. ഇനിയും കാട്ടാനയെ തളയ്ക്കാനായില്ലെങ്കില്‍ ജനകീയ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം. കൂട് നിര്‍മാണം പൂര്‍ത്തിയായിട്ടും മയക്കുവെടി വയ്ക്കാന്‍ തടസ്സം എന്താണെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നുണ്ട്.

തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന പ്രദേശവാസികളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായതോടെ വൈകിട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവര്‍ ഇപ്പോള്‍ പുറത്തിറങ്ങാറില്ല. അതിരാവിലെ ജോലിക്ക് പോകുന്നവരാണ് പലപ്പോഴും ആനയുടെ മുന്നില്‍പ്പെടാറുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നിരുന്നു. അതിനുശേഷം ഇവിടുളളവര്‍ പ്രഭാത നടത്തം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. അത്രമാത്രം ഭീതിയിലാണ് ഓരോ ദിനവും ജനങ്ങള്‍ കഴിച്ചുകൂട്ടുന്നത്.

പാലക്കാട് കേന്ദ്രമാക്കി കാണപ്പെടുന്ന ആനകളെ തിരിച്ചറിഞ്ഞ് പേരുകള്‍ നല്‍കിയിട്ടുണ്ട്. പാലക്കാട് ടസ്‌കര്‍ (പിടി) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഏകദേശം പതിനഞ്ചോളം ആനകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയ്ക്ക് പാലക്കാട് ടസ്‌കര്‍ എന്ന പേരിനൊപ്പം ഒന്നു മുതലുള്ള നമ്പരുകള്‍ ഉപയോഗിച്ചാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.