പത്തനംത്തിട്ട: റാന്നിയിലെ  റോഡ് നിർമ്മാണത്തിൽ അഴിമതി.  ഇരുമ്പ് കമ്പിക്കു പകരം മരത്തടി ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്യാൻ ശ്രമിച്ചത്.  റോഡിന്‍റെ പാർശ്വഭിത്തി നിർമാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് പീസുകളിലാണ് കമ്പിക്കു പകരം മരത്തടി ഉപയോഗിച്ചത്. നാട്ടുകാർ പ്രതിഷേധിച്ചതോടെ റോഡ് പണി നിർത്തിവെച്ചു. 

പുനലൂര്‍-മൂവാറ്റുപ്പുഴ പ്രധാന പാതയോട് ചേര്‍ന്നുള്ള ഒരു ബണ്ട് റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിലാണ്  കോണ്‍ക്രീറ്റ് കുറ്റികള്‍ എത്തിച്ചിരിക്കുന്നത്. കല്ലുകള്‍ നിരത്തി കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വെച്ച് പാര്‍ശ്വഭിത്തി ബലപ്പെടുത്തുന്നതാണ് കരാര്‍ പ്രകാരമുള്ള നിർമാണം. കരിങ്കല്‍ കെട്ടുകള്‍ക്കിടയില്‍ വെക്കുന്നതിനായാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എത്തിച്ചത്.

സാധാരണ കോണ്‍ക്രീറ്റ് കമ്പി ഉപയോഗിച്ചാണ് ഇവ വാര്‍ക്കുന്നതെങ്കില്‍ ഇവിടെ തടിക്കഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു. കാസര്‍കോട് സ്വദേശിയായ റഷീദ് എന്നയാളാണ് ഇതിൻ്റെ കരാറുകാരന്‍.

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് നിർമാണത്തിൽ ഏകദേശം ഒന്നരകോടി രൂപയാണ് ചിലവ്. കരാർ പ്രകാരം പ്ലെയിൻ സിമന്‍റ് കോൺക്രീറ്റാണ് ഉപയോഗിക്കേണ്ടത്. വീഴ്ച സംഭവിച്ചിട്ടുണ്ടങ്കിൽ പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.