തിരുവനന്തപുരം: മാലിന്യ സംസ്ക്കരണത്തിന്‍റെ ഭാഗമായി യൂസർ ഫീ നിർബന്ധമാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം ബി  രാജേഷ്. യൂസർഫീ ഇല്ലാതെ മാലിന്യ സംസ്ക്കരണം നടത്താനാവില്ല, ഒരു ദിവസം 1.75 രൂപയാണ് യൂസർ ഫീയായി ഈടാക്കുക. എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും യൂസർഫീ ഉണ്ടായിരിക്കും . ഇത്ര തുച്ഛമായൊരു തുക നൽകുന്നതിനെ എതിർക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമ നിർമ്മാണമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 2026 ഓടെ കേരളം സമ്പൂർണ മാലിന്യ വിമുക്ത സംസ്ഥാനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്‍റെ ഭാഗമായുള്ള കർമ്മ പദ്ധതി സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. മാലിന്യ സംസ്ക്കരണ രംഗത്തെ കേരളത്തിന്‍റെ പ്രവർത്തനങ്ങളിൽ ഗ്രീൻ ട്രൈബ്ര്യൂണൽ പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 6 മാസത്തിനു ശേഷം ട്രൈബ്ര്യൂണൽ വീണ്ടും സാഹചര്യം വിലയിരുത്തും. അതു കൊണ്ടു തന്നെ 6 മാസത്തെ ലക്ഷ്യം വച്ചു കൊണ്ടാണ് സർക്കാരിന്‍റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെല്ലാം. 

ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 4 മുതൽ 6 വരെ കൊച്ചി മറൈൻ ഡ്രൈവിൽ ഗോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്‍റ് ടെക്നോളജി 2023 സംഘടിപ്പിക്കും. ശുചിത്വ മിഷനാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട ന്യൂതന ആശയങ്ങളും മറ്റും ഇതിൽ പ്രദർശിപ്പിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും ഒക്കെയുള്ള നിരവധി ഏജൻസികൾ മേളയിൽ പങ്കെടുക്കും.