ഇടത്തരക്കാരുടെ സമ്മർദ്ദം തനിക്ക് മനസിലാവുമെന്നും, താനും അവരിൽ ഒരാളാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇപ്പോഴത്തെ ബിജെപി സർക്കാർ മധ്യവർഗത്തിന്മേൽ പുതിയ നികുതികളൊന്നും ചുമത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആർഎസ്എസുമായി ബന്ധപ്പെട്ട പാഞ്ചജന്യ മാസിക സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു സീതാരാമൻ.

വാർത്താ ഏജൻസിയായ പിടിഐ ധനമന്ത്രിയെ ഉദ്ധരിച്ച് പറഞ്ഞു, “ഞാനും മധ്യവർഗത്തിൽ പെട്ടയാളാണ്, അതിനാൽ അവരുടെ സമ്മർദ്ദം മനസ്സിലാക്കാൻ കഴിയും. മധ്യവർഗത്തിൽപെട്ട എന്നെത്തന്നെ ഞാൻ തിരിച്ചറിയുന്നു, അതിനാൽ എനിക്കറിയാം” അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇടത്തരക്കാർക്ക് പുതിയ നികുതി ചുമത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

27 നഗരങ്ങളിൽ മെട്രോ റെയിൽ ശൃംഖല വികസിപ്പിക്കുക, ജീവിത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 100 സ്‌മാർട്ട് സിറ്റികൾ നിർമ്മിക്കുക തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഈ വിഭാഗത്തിലെ ജനസംഖ്യ വർധിക്കുന്നതിനാൽ ഇടത്തരക്കാർക്കായി സർക്കാരിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് നിർമല സീതാരാമൻ ഉറപ്പുനൽകി.

2020 മുതൽ എല്ലാ കേന്ദ്ര ബജറ്റിലും മൂലധനച്ചെലവുകൾക്കുള്ള വിഹിതം സർക്കാർ ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വർഷം മൂലധനം 35 ശതമാനം വർധിപ്പിച്ച് 7.5 ലക്ഷം കോടി രൂപയായി ഉയർത്തിയതായി അവർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ കർഷകരെക്കുറിച്ചും സൗജന്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. കർഷകർക്ക് അവരുടെ വരുമാനം ഇരട്ടിയാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആ ദിശയിൽ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.