ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷനായി ജെ.പി. നഡ്ഡ അടുത്ത വർഷം ജൂൺ വരെ തുടരും. ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം ഐകകണ്ഠ്യേനയാണ് ജെ.പി. നഡ്ഡയുടെ കാലാവധി നീട്ടാൻ തീരുമാനമെടുത്തതെന്ന് വാർത്തസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ നഡ്ഡയുടെയും കീഴിൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 2019നെക്കാൾ വലിയ വിജയം നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഈ വർഷം ഒമ്പത് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് നഡ്ഡയുടെ കാലാവധി നീട്ടി നൽകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.