ചെന്നെെ: പരമ്പരാഗത നൃത്തരൂപമായ കുറവന്‍- കുറത്തിയാട്ടം നിരോധിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ ഗ്രാമീണ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ആഘോഷങ്ങളുടെ ഭാഗമായും അവതരിപ്പിക്കപ്പെടുന്ന നൃത്തരൂപമാണ് കുറവൻ- കുറത്തിയാട്ടം. അശ്ലീലവും അപരിഷ്‌കൃതവുമായ നൃത്ത രൂപമാണ് കുറവൻ- കുറത്തിയാട്ടമെന്നും കുറവ വിഭാഗത്തില്‍പ്പെട്ട ആളുകളെ മോശമായി ചിത്രീകരിക്കുകയാണെന്നും ചൂണ്ടികാണിച്ച് മധുര സ്വദേശി ഇരണിയനാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു പ്രത്യേക വിഭാഗക്കാരെ അപമാനിക്കുന്ന തരത്തിലാണ് ഇത് വേദിയില്‍ അവതരിപ്പിക്കുന്നതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. 

കുറവൻ- കുറത്തിയാട്ടമെന്നാണ് നൃത്തരൂപത്തിൻ്റെ പേരെങ്കിലും പേരു സൂചിപ്പിക്കുന്നതു പോലെ കുറവര്‍ വിഭാഗത്തില്‍പ്പെട്ടവരല്ല നര്‍ത്തകരെന്നുള്ളതാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ച മറ്റൊരു വസ്തുത. ഇരുപത് ലക്ഷത്തോളം കുറവ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ തമിഴ്‌നാട്ടിലുണ്ട്. സമൂഹത്തിൻ്റെ വിവിധ തുറകളില്‍ കുറവ വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. ഇത് അവരെയെല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.  ഈ നൃത്തം കൊണ്ട് കലാകാരന്‍മാര്‍ ചെയ്യുന്നത് പരമ്പരാഗത നൃത്ത രൂപത്തെ അധിഃക്ഷേപിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. 

നൃത്തത്തിൻ്റെ  വേഷവിധാനത്തില്‍ പോലും അശ്ലീലത കാണുന്നുണ്ടന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നൃത്തത്തിന് പശ്ചാത്തലമായി ഉപയോഗിക്കുന്ന പാട്ടിലും, വരികളിലും അശ്ലീല വാക്കുകള്‍ കലരുന്നുണ്ടെന്നുള്ള കാര്യവും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ഹർജി പരിശോധിച്ച മദ്രാസ് ഹെെക്കോടതി ആരോപണങ്ങളിൽ സത്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടർന്നാണ് തമിഴ്‌നാട്ടില്‍ കുറവന്‍ കുറത്തിയാട്ടം നിരോധിച്ചത്. കുറവന്‍ കുറത്തിയാട്ടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 

കുറവ സമുദായത്തിന്‍റെ അനുമതിയോടെയല്ല നൃത്തരൂപത്തില്‍ സമുദായത്തിന്‍റെ പേര് ഉപയോഗിക്കുന്നതെന്നുള്ള കാര്യവും പരാതിക്കാരന്‍ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കുറവ ആ വിഭാഗത്തിന്‍റെ പരമ്പരാഗത നൃത്തമെന്ന പേരിലാണ് ഇത് അവതരിപ്പിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരായും സർവകലാശാലാ അധ്യാപകരായുമൊക്കെ ഉന്നതനിലയിൽ പ്രവർത്തിക്കുന്നവർ സമുദായത്തിലുണ്ട്. എന്നാൽ നൃത്തരൂപത്തിലൂടെ സമുദായത്തിന് നല്‍കിയിരിക്കുന്ന പ്രതിച്ഛായ തെറ്റാണെന്നും പരാതിക്കാരന്‍ ഹർജിയിൽ ആരോപിച്ചിരുന്നു.