ഈ ട്രെയ്നില്‍ യാത്ര ചെയ്യുമ്പോള്‍, ടിടിആര്‍ വന്ന് ഫൈന്‍ അടപ്പിച്ച്, അടുത്ത സ്റ്റേഷനില്‍ ഇറക്കി വിടുമെന്ന പേടി വേണ്ട. ലോകത്തു തന്നെ സൗജന്യമായി യാത്ര വാഗ്ദാനം ചെയ്യുന്ന ഒരേയൊരു തീവണ്ടി. കഴിഞ്ഞ 73 വര്‍ഷമായി ഈ സൗജന്യ സര്‍വീസ് തുടരുന്നു. ഇത് ഭക്രാ-നംഗല്‍ ട്രെയ്ന്‍. പഞ്ചാബ്-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടി.

സത്ലജ് നദി മറികടന്ന് പതിമൂന്നു കിലോമീറ്റര്‍ ദൂരമാണ് തീവണ്ടിയുടെ സഞ്ചാരപാത. സംഭരണശേഷിയില്‍ ഭാരതത്തിലെ രണ്ടാമത്തെ അണക്കെട്ടായ ഭക്രാനംഗല്‍ ഡാമിന്‍റെ നിര്‍മാണത്തിനായി തൊഴിലാളികളെ എത്തിക്കാനാണ് സൗജന്യസര്‍വീസ് തുടങ്ങിയത്. 1948ലായിരുന്നു തുടക്കം. 1963ല്‍ ഡാമിന്‍റെ നിര്‍മാണം പൂര്‍ത്തിയായശേഷവും ആ സര്‍വീസ് സൗജന്യമായി തന്നെ തുടര്‍ന്നു.

25-ഓളം ഗ്രാമങ്ങളിലെ നിരവധി പേര്‍ ഇപ്പോഴും ഈ തീവണ്ടിയെ ആശ്രയിക്കുന്നു. തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പടെ മുന്നൂറോളം പേര്‍ ദിനംപ്രതി സഞ്ചരിക്കുന്നു. സര്‍വീസ് നടത്തുന്ന തീവണ്ടിയുടെ എന്‍ജിന് കാലത്തിനൊത്തുള്ള പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കറാച്ചിയില്‍ നിര്‍മിച്ച ക്യാരിയേജുകളും, ഓക് മരത്തില്‍ പണിതീര്‍ത്ത ഇരിപ്പിടങ്ങളുമൊക്കെ പഴമയുടെ ഓര്‍മ നിലനിര്‍ത്തുന്നു.

ഭക്രാ ബീസ് മാനേജ്മെന്റ് ബോര്‍ഡിന്‍റെ മേല്‍നോട്ടത്തിലാണ് ട്രെയ്ന്‍ സര്‍വീസ്. 2011ല്‍ തീവണ്ടിയുടെ സേവനം അവസാനിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു. വര്‍ധിച്ച ഇന്ധനച്ചെലവ് തന്നെ കാരണം. എന്നാല്‍ വരുമാനത്തിനപ്പുറം പൈതൃകം നിലനിര്‍ത്താനുള്ള ശ്രമം എന്ന നിലയില്‍ ഭക്രാ-നംഗല്‍ ട്രെയ്ന്‍ ഇന്നും പാളങ്ങളില്‍ സഞ്ചാരം തുടരുന്നു.