ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പഴക്കമുളള കേസ് തീര്‍പ്പാക്കി ഏറ്റവും പാരമ്പര്യമുള്ള കല്‍ക്കട്ട ഹൈക്കോടതി. ഏകദേശം 72 വര്‍ഷം പഴക്കമുളള കേസാണ് നിലവിലെ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അടങ്ങിയ ബെഞ്ച് തീര്‍പ്പാക്കിയത്.

ബെര്‍ഹാംപോര്‍ ബാങ്ക് ലിമിറ്റഡിന്റെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചെങ്കിലും ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനുളള പഴയ കേസുകളില്‍ രണ്ടെണ്ണം കൂടി കല്‍ക്കട്ട ഹൈക്കോടതിയുടെ പക്കലുണ്ട്. ഈ കേസുകളെല്ലാം 1952 ലാണ് ഫയല്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാഷണല്‍ ജുഡിഷ്യല്‍ ഡാറ്റാ ഗ്രീഡ് പ്രകാരം ഇന്ത്യന്‍ കോടതിയില്‍ കേള്‍ക്കുന്ന ഏറ്റവും പഴക്കമുളള കേസായി ബെര്‍ഹാംപൂര്‍ കേസിനെ പരിഗണിക്കുന്നു. 1951 ജനുവരി 1 നാണ് ബെര്‍ഹാംപൂര്‍ ബാങ്ക് അടച്ചുപൂട്ടാനുളള തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കുകയും അത് കേസ് നമ്പര്‍ 71/1951 ആയി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.

നഷ്ടപ്പെട്ട ഫണ്ടുകള്‍ തിരികെ കിട്ടുന്നതിനായി ബാങ്ക് കടക്കാര്‍ക്കെതിരെ നിരവധി കേസുകള്‍കൊടുത്തിരുന്നുവെങ്കിലും അവരില്‍ പലരും ബാങ്കിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് 2022 സെപ്റ്റംബറില്‍ രണ്ടു തവണ ബാങ്കിന്റെ ലിക്വിഡേഷനെ ചോദ്യം ചെയ്തുളള ഹയറിംഗുകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും ആരും ഹാജരായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതേ തുടര്‍ന്ന് ജസ്റ്റിസ് കപൂര്‍ ലിക്വിഡേറ്ററോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. 2006 ല്‍ റിപ്പോര്‍ട്ട് ലഭിച്ചതോടെ ഈ പ്രശ്നം പരിഹരിച്ചതായി അസിസ്റ്റന്റ് ലിക്വിഡേറ്റര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഇത് രേഖകളില്‍ തിരുത്തിയില്ലെന്ന് കണ്ടെത്തിയതോടെയാണ് കേസ് ഇപ്പോഴും തീര്‍പ്പാക്കാത്ത പട്ടികയില്‍ തന്നെ തുടരുന്നുവെന്ന കാര്യം വ്യക്തമാക്കിയത്.