ശബരിമല: മകരവിളക്കിന് ശബരിമലയിൽ എത്തുന്ന ഭക്തരെ ക്രൂരമായി കൈകാര്യം ചെയ്യുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും ആകാശ നീലിമയിലെ മകരനക്ഷത്രവും ദർശിക്കുന്നതിനായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയത്. മണിക്കൂറുകൾ നീണ്ട ക്യൂവിന് ശേഷം ശ്രീകോവിലിന് മുന്നിൽ ഒരു നിമിഷമെങ്കിലും അയ്യനെ കാണാൻ എത്തുന്നവരെയാണ് യാതൊരു ദാക്ഷണ്യവും കൂടാതെ ദേവസ്വം ജീവനക്കാരൻ കൈയ്യേറ്റം ചെയ്യുന്നത്. പല ഭക്തരെയും കഴുത്തിന് പിടിച്ച് ഇയാൾ മാറ്റുന്നതും വീഡിയോയിൽ കാണാം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചർ തസ്തികയിൽ ജോലി ചെയ്യുന്ന അരുൺ എന്ന ദേവസ്വം ബോർഡ് ജീവനക്കാരനാണ് ഭക്തരോട് മോശമായി പെരുമാറിയത്.

ശബരിമലയിൽ സ്‌പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഇടത് യൂണിയൻ നേതാവാണ്. അന്യസംസ്ഥാനക്കാരായ ഭക്തരുൾപ്പടെ ഇയാളുടെ കൈക്കരുത്തിന് ഇരയാകുന്നുണ്ട്. സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം ഭക്തർ പ്രതിഷേധിക്കുന്നു. ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.