ഓസ്റ്റിൻ : മേഘപ്പുലി കൂട്ടിൽ നിന്ന് പുറത്തുചാടിയതിനെ തുടർന്ന് താത്കാലികമായി അടച്ച് മൃഗശാല. യു.എസിലെ ടെക്സസിലെ ഡാലസ് മൃഗശാലയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നാല് വയസുള്ള നോവ എന്ന മേഘപ്പുലിയാണ് കൂട്ടിൽ നിന്ന് ചാടിയത്. നോവ സന്ദർശകർക്ക് ഭീഷണിയാകില്ലെന്നും മൃഗശാല പരിസരത്ത് എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവാമെന്നും അധികൃതർക്ക് അറിയാമായിരുന്നു.

നോവയെ കണ്ടെത്താൻ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഏതായാലും അന്നേ ദിവസം വൈകിട്ട് തന്നെ നോവയെ അധികൃതർ കണ്ടെത്തി. ഇതിന് ശേഷമാണ് മൃഗശാല വീണ്ടും തുറന്നത്. കൂടിന് ചുറ്റുമുള്ള വേലിയിലെ ഒരു ചെറു ദ്വാരത്തിലൂടെയാണ് നോവ പുറത്തുകടന്നത്. നോവയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും സുഖമായി ഇരിക്കുന്നതായും മൃഗശാല അറിയിച്ചു.

‘ നിയോഫെലിസ് നെബുലോസ” എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മേഘപ്പുലികൾ മാർജാര കുടുംബത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞവയാണ്. ഇന്ത്യ, ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ നിത്യഹരിത മഴക്കാടുകളിൽ ഇവയെ പൊതുവെ കണ്ടുവരുന്നു.

ഒരു മീറ്റർ വരെ നീളമുള്ള ഇവയ്ക്ക് 20 കിലോ വരെയാണ് ഭാരം. ഇളം മഞ്ഞ, കടും തവിട്ട് നിറങ്ങളിൽ കാണപ്പെടുന്നു. ശരീരത്തിൽ മേഘാകൃതിയിലുള്ള അടയാളങ്ങളാണ് മേഘപ്പുലിയെന്ന പേരിന് കാരണം. വംശനാശ ഭീഷണി നേരിടുന്ന ഇക്കൂട്ടർ മരം കയറുന്നതിൽ വിദഗ്ദ്ധരാണ്. നീളം കൂടിയ വാലും ചെറിയ കാലുകളും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.