ലണ്ടന്‍: ടെലികോം സേവന രംഗത്തെ പ്രമുഖ കമ്പനിയായ വൊഡാഫോണ്‍ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നൂറുകണക്കിന് ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടാനാണ് നീക്കം. ലണ്ടന്‍ ആസ്ഥാനത്തുനിന്നായിരിക്കും ഏറ്റവും കൂടുതല്‍ പേര്‍ പുറത്തുപോകേണ്ടിവരിക. അഞ്ചു വര്‍ഷത്തിനിടെ കമ്പനി നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കുമിത്.

നവംബറില്‍ വൊഡാഫോണ്‍ പ്രഖ്യാപിച്ച ചെലവ് ചുരുക്കല്‍ നയത്തിന്റെ ഭാഗമാണ് നടപടി. 2016 മുതല്‍ മാര്‍ക്ക് നേരിടുന്ന തിരിച്ചടിയുടെ പശ്ചാത്തലത്തിലാണിത്. 108 കോടി ഡോളര്‍ ലാഭിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. യൂറോപ്യന്‍ ടെലികോം കമ്പനികളായ സ്‌പെയിനിലെ ടെലെഫോണിക, ഫ്രാന്‍സിലെ ഓറഞ്ച് എന്നിവയും സമാനമായ രീതിയില്‍ 50 ശതമാനത്തോളം ചെലവ് ചുരുക്കിയിരുന്നു. വര്‍ധിച്ചുവരുന്ന വൈദ്യുതി ചെലവും പലിശ നിരക്കുമാണ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്.

വൊഡാഫോണിന് ലോകമെമ്പാടും 1,04,000 ജീവനക്കാരുണ്ട്. പിരിച്ചുവിടല്‍ ഇന്ത്യയില്‍ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ല. രാജ്യത്ത് ഐഡിയയുമായി Vi എന്ന പേരിലാണ് വൊഡാഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

കമ്പനിയുടെ മൂല്യത്തകര്‍ച്ചയേ തുടര്‍ന്ന് സിഇഒ ആയിരുന്ന നിക് റെഡ് 2022 അവസാനം രാജിവച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് കമ്പനിയുടെ മൂല്യത്തില്‍ 40 ശതമാനത്തിലേറെ ഇടിവുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആയ മാര്‍ഗെരീത്ത ഡെല്ല വാല്ലെ ആണ് നിലവില്‍ സിഇഒയുടെ ചുമതല വഹിക്കുന്നത്.