ന്യൂഡൽഹി: മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമയെ നിരോധിച്ച് യു.എസ് ഹെൽത്ത് റെഗുലേറ്റർ. മരുന്നുകളിൽ മൈക്രോബയോളജിക്കൽ മാലിന്യങ്ങൾ തടയാനുള്ള നടപടിക്രമങ്ങളുടെ കൃത്യമായ രേഖകൾ ഇല്ലാത്തതുൾപ്പെടെയുള്ള നിർമാണത്തിലെ വീഴ്ചകളാണ് ഗുജറാത്ത് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺ ഫാർമയെ നിരോധിക്കാൻ ഇടയാക്കിയത്. നിരവധി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ പുറത്തിറക്കിയ ഹലോൽ പ്ലാന്റിൽ പല വീഴ്ചകളുമുണ്ടെന്നും യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നോട്ടീസിൽ പറയുന്നു.

നിലവിലെ ഉത്പന്ന നിർമാണ നടപടി ക്രമങ്ങളിൽ നിരവധി വീഴ്ചകൾ പ്ലാന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പ്ലാന്റിന്റെ നിർമാണ രീതികൾ, സൗകര്യങ്ങൾ, നിർമാണ നിയന്ത്രണം, സംസ്കരണം, പാക്കിങ്, സംരക്ഷണം എന്നിവ നിർമാണ നടപടി ക്രമങ്ങൾ പാലിക്കുന്നില്ല. മരുന്നിൽ മായം കലർന്നിട്ടുണ്ട്. -യു.എസ് അധികൃതർ പറയുന്നു.

2022 ഏപ്രിൽ 26 മുതൽ മെയ് ഒമ്പതുവരെയുള്ള കാലയളവിൽ ഹെൽത്ത് റെഗുലേറ്റേഴ്സ് നിർമാണ യൂണിറ്റ് പരിശോധിക്കാൻ എത്തിയിരുന്നു. മരുന്ന് കൂട്ടുന്നതിനും നിറക്കുന്നതിനുമുള്ള സൗകര്യങ്ങളെല്ലാം അവരെ ദയനീയാവസ്ഥയിലും സംരക്ഷണം കുറഞ്ഞ സ്ഥിതിയിലുമാണ്. അതിനാൽ തന്നെ മലിനീകരിക്കപ്പെടാൻ സാധ്യത കൂടുതലുമാണ്.

മരുന്ന് ഉൽപ്പന്നങ്ങളുടെ നിർമാണം, സംസ്കരണം, പാക്കിങ്, സൂക്ഷിക്കൽ എന്നിവക്കുള്ള ഉപകരണങ്ങൾ അതിന് ആവശ്യമായ രൂപത്തിലും ശുചീകരണത്തിന് അനുയോജ്യമായ വിധത്തിലുമല്ല നിർമിച്ചിരിക്കുന്നതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.