വിമാനത്താവളത്തിൽ നഷ്ടപ്പെടുന്ന ലഗേജുകൾ ചിലപ്പോൾ ദിവസങ്ങൾക്ക് ശേഷം ലഭിക്കാം. മറ്റു ചിലപ്പോൾ അത് എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. എന്നാൽ, ഒരു അമേരിക്കൻ പൗരക്ക് തന്റെ ലഗേജ് നഷ്ടപ്പെട്ട് നാലു വർഷങ്ങൾക്ക് ശേഷം അത് തിരിച്ച് കിട്ടിയിരിക്കുന്നു.

ഒറിഗോൺ സ്വദേശിയായ ഏപ്രിൽ ഗാവിൻ എന്ന സ്ത്രീയുടെ ലഗേജാണ് നാലു വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടിയത്. ബിസിനസ് ട്രിപ്പിനായി ചിക്കാഗോയിലേക്ക് പോയ സ്ത്രീ തിരിലകെ വീട്ടിലേക്ക് വന്നപ്പോഴാണ് ലഗേജ് നഷ്ടപ്പെട്ടത്. യുനൈറ്റഡ് എയർലൈൻസിലായിരുന്നു അവർ യാത്ര ചെയ്തിരുന്നത്. നാല് വർഷത്തിന് ശേഷം സ്യൂട്ട്കേസ് ഹോണ്ടുറാസിൽ എത്തിയെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

എത്ര ശ്രമിച്ചിട്ടും സ്യൂട്ട്‌കേസ് കണ്ടെത്താനായില്ലെന്ന് ഗാവിൻ പറഞ്ഞു. കാണാതായ ബാഗേജ് കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അവർ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ബാഗേജ് എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നാണ് എയർലൈൻ ഗാവിനെ അറിയിച്ചത്. എയർലൈൻ ലഗേജ് തെറ്റായി എടുത്തുവെച്ചതാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഈയടുത്ത ദിവസം ടെക്സാസിലെ ഹൂസ്റ്റണിൽ നിന്ന് ലഗേജ് കണ്ടെത്തിയന്ന് പറഞ്ഞ് ഒരു ഫോൺ കോൾ ലഭിച്ചുവെന്ന് ഗാവിൻ പറഞ്ഞു. ആദ്യം ആശയക്കുഴപ്പമുണ്ടായി. ലഗേജ് ഹോണ്ടുറാസിൽ ആയിരുന്നു. പിന്നെ എവിടെ പോയെന്ന് ആർക്കുമറിയില്ല. ഹോണ്ടുറാസിൽ നിന്ന് ടെക്സാസിലെ ഹൂസ്റ്റണിലേക്ക് പോയി.

ഈ സ്യൂട്ട്കേസ് നാല് വർഷം ചുറ്റി സഞ്ചരിച്ച്, ഹോണ്ടുറാസിലേക്ക് പോയി, ഒടുവിൽ അത് തന്നിലേക്ക് തിരികെ എത്തി. ലഗേജിലെ എല്ലാ സാധനങ്ങളും അതിൽ തന്നെ ഉണ്ടെന്നാണ് കരുതുന്നത്. നന്ദി, യുണൈറ്റഡ് എയർലൈൻസ് -ഏപ്രിൽ ഗാവിൻ പറഞ്ഞു.