വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിക്ക് പിഴശിക്ഷ. 15 വർഷം നികുതിവെട്ടിച്ചതിനാണ് ശിക്ഷ. 1.61 മില്യൺ ഡോളറാണ് പിഴയായി നൽകേണ്ടത്.

മാൻഹട്ടൺ ക്രിമിനൽ കോടതി ജഡ്ജി ജുവാൻ മെർചാനാണ് ശിക്ഷ വിധിച്ചത്. ട്രംപ് ഓർഗനൈസേഷനെതിരായ 17 കേസുകളിൽ അവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ ട്രംപ് കുടുംബത്തിന്റെ വിശ്വസ്തനും കമ്പനിയുടെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി അലൻ വെസീബെർഗിന് അഞ്ച് വർഷത്തെ തടവുശിക്ഷയും വിധിച്ചിരുന്നു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഡോണൾഡ് ട്രംപിന്റെ അഭിഭാഷകർ അറിയിച്ചു.

വായ്പകളിലും ഇൻഷൂറൻസിലും കൃത്രിമം കാണിച്ചതിന് ട്രംപിനെതിരെ മറ്റൊരു കേസ് കൂടി നിലനിൽക്കുന്നുണ്ട്. 250 മില്യൺ ഡോളറിന്റെ സിവിൽ കേസാണ് കോടതിയിലുള്ളത്. 2024ൽ വീണ്ടും യു.എസിൽ അധികാരത്തിലെത്താൻ ശ്രമിക്കുന്ന ​ട്രംപിന് മുന്നിലുള്ള കനത്ത വെല്ലുവിളിയാണ് കേസുകളെന്നാണ് വിലയിരുത്തൽ.