ലക്ഷദ്വീപില്‍ നിന്നുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എംപി മുഹമ്മദ് ഫൈസലിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കി. 2009-ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുമായി ബന്ധപ്പെട്ട് എംപിക്കും മറ്റ് മൂന്ന് പേര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചത്.

ലക്ഷദ്വീപ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമായ മുഹമ്മദ് ഫൈസല്‍ പിപിയെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 2023 ജനുവരി 11 നാണ് കവരത്തി സെഷന്‍കോടതി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 102(1)(E) 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 8 എന്നിവ പ്രകാരം ശിക്ഷിച്ചത്. 

2009 ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പ്രതികള്‍ക്ക് കവരത്തിയിലെ ജില്ലാ സെഷന്‍സ് കോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയതായും കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ പറഞ്ഞു. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മുന്‍ കേന്ദ്രമന്ത്രി പിഎം സയീദിന്റെ മരുമകന്‍ പടനാഥ് സാലിഹിനെ എംപി മുഹമ്മദ് ഫൈസലും മറ്റുള്ളവരും ആക്രമിച്ചതായാണ് കേസെന്നും അഭിഭാഷകര്‍ പറയുന്നു.