തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരണപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ നാസിക്-ഷിര്‍ദി ഹൈവേയില്‍ പതാരെ ഗ്രാമത്തിന് സമീപമായിരുന്നു അപകടം നടന്നത്. ഷിര്‍ദി സായിബാബ ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 10 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു . 

ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായി പരിക്കേറ്റതായും പോലീസ് കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ട 10 പേരില്‍ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റ 34 പേരെ നാസിക് ജില്ലാ ആശുപത്രിയിലും സിന്നാറിലെ സ്വകാര്യ ആശുപത്രിയിലുമായി  പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ  ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.