കോട്ടയം: ഛത്തീസ്ഗഡ് നാരായണ്‍പുരില്‍ കത്തോലിക്ക ദേവാലയം തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിന് പോലും തയ്യാറാകാത്ത കോണ്‍ഗ്രസ്-ഇടത് കക്ഷികളെയും കത്തോലിക്കാ സഭാ നേതൃത്വത്തേയുംവിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരുപത മുഖപത്രമായ ‘സത്യദീപം’ മുഖപ്രസംഗം. കേരളത്തിലെ സമകാലീന വിവാദ വിഷയങ്ങളെയും പരാമര്‍ശിച്ചാണ് മുഖപ്രസംഗം.

പട്ടാപ്പകല്‍ നടന്ന ഈ ആസൂത്രിതാതിക്രമത്തെ നിസ്സാരവല്‍ക്കരിക്കുന്ന നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭാരത് ജോ ഡോ യാത്രാ പരിപാടിയിലൂടെ വിഭാഗീയതയ്ക്കെതിരെ നടപ്പ് തുടരുന്ന രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലെ ഈ അതിക്രമത്തെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാത്തത് എന്തുകൊണ്ടാണ്? മൃദുഹിന്ദുത്വ നിലപാടുമായി ഹൈന്ദവ വോട്ടുകളെ ഏകീകരിക്കാനാവുമെന്ന പഴകിപ്പൊളിഞ്ഞ അടവുനയവുമായാണ് അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ‘ജോഡോ’ യാത്രയെങ്കില്‍ ഭാരതത്തിന്റെ മതേതര മനസ്സ് അതിനൊപ്പമില്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. 2024 -ലെ പൊതു തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മ്മാണ നേട്ടത്തെ വലിയ വിജയാഘോഷാവസരമായി ബി ജെ പി കൊണ്ടാടാനൊരുങ്ങുമ്പോള്‍, തിലകവും ത്രിവര്‍ണ്ണവും കൂട്ടിച്ചേര്‍ത്തുള്ള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ അതിന് മതിയാകാതെ വരുമെന്നുറപ്പാണ്. മതേതരത്വം പ്രസംഗിച്ചാല്‍പ്പോരാ പ്രവൃത്തിയിലും വേണം.


ന്യൂനപക്ഷത്തിലെ ഒരു പ്രത്യേക വിഭാഗത്തിനു നോവുമ്പോള്‍ മാത്രം ‘നോമ്പെടു’ക്കുന്ന ഇടതുപക്ഷ നേതാക്കളും ഛത്തീസ്ഗഡിലെ അതിക്രമങ്ങള്‍ അറിഞ്ഞമട്ടില്ല. ബി.ജെ.പിയുടെ ആലയില്‍ കുഞ്ഞാടുകളെ കൂട്ടമായി എത്തിക്കാനുള്ള ഇടയനേതൃത്വത്തിന്റെ ആസൂത്രിത ശ്രമങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് പുതിയ ന്യായീകരണ ക്യാപ്സൂളുകള്‍ കണ്ടെത്തേണ്ടി വരും. പ്രധാനമന്ത്രിയുടെ ‘സഭാദര്‍ശന’ത്തില്‍ സംപ്രീതനായ പുതിയ സി ബി സി ഐ പ്രസിഡന്റ്, ഛത്തീസ്ഗഡ് സംഭവത്തില്‍ പ്രതിഷേധിച്ച് ഇനിയും പ്രസ്താവനയിറക്കാത്തതില്‍ അത്ഭുതത്തിന് വകയുണ്ടെന്ന് കരുതുന്നില്ല.
ഗോത്രവംശജരായ ക്രൈസ്തവരുടെ ഘര്‍വാപസി ശ്രമങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്ന് വ്യക്തമാണ്. അത് തികച്ചും ആസൂത്രിതവുമാണ്. നിലപാടിനേക്കാള്‍ നിലനില്പ് പ്രധാനമാകുമ്പോള്‍ പ്രതികരണം വൈകും-സത്യദീപം വിമര്‍ശിക്കുന്നു.