കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ യുവതി പീഡനത്തിനിരയായി. പരാതി നല്‍കി നാല് ദിവസമായിട്ടും കേസില്‍ ഇതുവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യുവതി ആരോപിച്ചു. പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ യുവതി കൊല്‍ക്കത്ത കമ്മീഷണര്‍ക്ക് പരാതി അയച്ചു. ബനിയാപുക്കൂര്‍ സ്വദേശിനിയായ 39കാരിയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ച് രംഗത്തെത്തിയത്. 

കൊല്‍ക്കത്തയിലെ ഫൂല്‍ബാഗന്‍ പോലീസ് സ്റ്റേഷനിലാണ് യുവതി പീഡന പരാതി നല്‍കിയത്. കണ്ടപ്പാറയിലെ ഇഎം ബൈപാസിന് സമീപം പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ വെച്ച് തന്നെ പീഡിപ്പിക്കപ്പെട്ടെന്നാണ് പരാതി. പിത്തസഞ്ചി ശസ്ത്രക്രിയയ്ക്ക് ശേഷം അനസ്തേഷ്യ നല്‍കിയ സമയത്ത് ജീവനക്കാരന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് യുവതി പറയുന്നു. ബോധം വീണ്ടെടുത്ത ശേഷം ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ പാടുകള്‍ കണ്ടെന്നും പരാതിയിലുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 354 പ്രകാരം പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പരാതി നല്‍കിയിട്ട് നാല് ദിവസമായെങ്കിലും കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യുവതി ആരോപിച്ചു.

‘സംഭവത്തില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ബന്ധപ്പെട്ടിരിക്കുന്നത്. കൂടാതെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസും പറയുന്നു. എന്നിട്ടും പൊലീസിന് കുറ്റവാളികളെ കണ്ടെത്താനാകുന്നില്ലെന്ന് യുവതി പറഞ്ഞു. കേസിലെ തെളിവുകള്‍ അട്ടിമറിക്കപ്പെടുകയാണെന്നും യുവതി ആരോപിച്ചു. ”ഞാന്‍ എന്റെ പരിശോധനകള്‍ക്കായി പോയപ്പോള്‍, അതേ ദിവസം തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ഡോക്ടര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ റിപ്പോര്‍ട്ട് ശേഖരിച്ചാല്‍ മതിയെന്ന് വനിതാ അന്വേഷണ ഉദ്യോഗസ്ഥ നിര്‍ബന്ധിച്ചു’, യുവതി പറഞ്ഞു.

തന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് തിരുത്തിയെന്ന ഗുരുതരമായ മറ്റൊരു ആരോപണമാണ് പരാതിക്കാരി പൊലീസിനെതിരെ ഉന്നയിച്ചത്. ‘പീഡനത്തെ തുടര്‍ന്നുണ്ടായ പാടുകളും മുറിവുകളും മെഡിക്കല്‍ പരിശോധനക്ക് നാല്-ആറ് ദിവസം മുമ്പുള്ളതാണെന്നാണ് അവകാശവാദം. ഈ മുറിവുകള്‍ പഴയതാണെങ്കില്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോള്‍ നഴ്‌സും അറ്റന്‍ഡന്റും പറഞ്ഞില്ല? ഞാനെന്റെ ശരീരത്തിലെ പാടുകളെ കുറിച്ച് പറഞ്ഞപ്പോള്‍ ഡോക്ടറും നഴ്‌സും അറ്റന്‍ഡന്റും ഞെട്ടിയതെന്തിനാണ്?,യുവതി ചോദിച്ചു.

എന്നാല്‍ യുവതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും പോലീസ് നിഷേധിച്ചു. പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ‘പരാതിക്കാരിയുടെ മെഡിക്കല്‍, ഫോറന്‍സിക് പരിശോധനകള്‍ നടത്തി. മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.’, പൊലീസ് വ്യക്തമാക്കി. 

അതേസമയം അപ്പോളോ പോലെയുള്ള ഒരു അറിയപ്പെടുന്ന സ്ഥാപനമായതുകൊണ്ടാണോ പോലീസ് കേസ് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് യുവതി ചോദിക്കുന്നു. എന്നാല്‍ എത്ര വലിയ പ്രതിയായാലും ആരും നിയമത്തിന് അതീതരല്ലെന്ന് കൊല്‍ക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രിയോബ്രതോ റോയ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രത്യേകവും സ്വതന്ത്രവുമായ സ്ഥാപനമാണ്. ഇതിന് പൊലീസുമായി നേരിട്ട് ബന്ധമില്ലെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് അട്ടിമറിച്ചെന്ന ആരോപണത്തെക്കുറിച്ച് ഡിസിപി പറഞ്ഞു.