ആർഎസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവരെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിമർശനവുമായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്. രാഹുൽ ഗാന്ധിയ്ക്ക് ആർഎസ്എസിനെ കുറിച്ച് ഒന്നും അറിയില്ലെന്നും അതിനാൽ കുറച്ച് ദിവസത്തേയ്ക്ക് ആർഎസ്എസ് ശാഖയിൽ ചേരണമെന്നും അനിൽ വിജ് പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഹരിയാനയിലെ നാലാം ദിവസത്തെ പര്യടനം അവസാനിപ്പിച്ച് കൊണ്ടുളള യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.

തനിക്കൊന്നും അറിയാത്ത ഒരു സംഘടനയെ കുറിച്ച് സംസാരിക്കാൻ രാഹുലിന് അവകാശമില്ലെന്നും അനിൽ വിജ് പറഞ്ഞു. ആർഎസ്എസ് കാരണമാണ് ഇന്നത്തെ രാജ്യം നിലകൊള്ളുന്നത്. ആർഎസ്എസിനെ അറിയാൻ രാഹുൽ കുറച്ച് ദിവസം സംഘശാഖയിൽ ചേരണമെന്നും അനിൽ വിജ് പറഞ്ഞു. മദ്ധ്യപ്രദേശിലെ മൂന്ന് പെൺകുട്ടികളെ കണ്ടതിന് ശേഷമാണ് തന്റെ പദയാത്രയിൽ ടീ-ഷർട്ട് മാത്രം ധരിക്കാൻ തീരുമാനിച്ചതെന്ന രാഹുലിന്റെ പ്രസ്താവനയെ അനിൽ വിജ് പരിഹസിച്ചു. 

ആ പെൺകുട്ടികൾ എങ്ങനെ ജീവിക്കുന്നു, എവിടെ ഉറങ്ങുന്നു എന്നറിയാൻ അവരുടെ വീടുകളിലെങ്കിലും രാഹുൽ ഗാന്ധി പോകണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എല്ലാ ആഡംബരങ്ങളുമുള്ള ഒരു കൊട്ടാരത്തിലാണ് രാഹുൽ ഗാന്ധി ഉറങ്ങുന്നത്, അത് അവനെ അനുഗമിക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ലക്ഷക്കണക്കിന് രൂപയാണ് തന്റെ യാത്രയ്ക്കായി ചെലവഴിക്കുന്നത്. അതിനുള്ള ധനസഹായത്തെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. 

”ആരായിരുന്നു കൗരവർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെ കുറിച്ച് ഞാൻ നിങ്ങളോട് പറയാം. അവർ കാക്കി ട്രൗസർ ധരിക്കുന്നു, കയ്യിൽ ലാത്തി കൊണ്ട് നടക്കുന്നു, ശാഖ നടത്തുന്നു. അവർക്കൊപ്പമാണ് രാജ്യത്തെ 2-3 ബില്യണയർമാർ”, രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിനെ പാണ്ഡവരുമായും രാഹുൽ ഉപമിച്ചിരുന്നു.