ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ജിലേബി ബാബയെന്ന് അറിയപ്പെടുന്ന അമര്‍പുരിക്ക് 14 വര്‍ഷം തടവ് ശിക്ഷ. ഫത്തേഹാബാദിലെ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. നൂറിലേറെ സ്ത്രീകളെ ഇയാള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. 

സഹായം തേടി വരുന്ന സ്ത്രീകളെ പ്രതി മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യാറുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ബ്ലാക്ക് മെയില്‍ ചെയ്യും. ഏറ്റവുമൊടുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ. പോക്‌സോ സെക്ഷന്‍ 6 പ്രകാരമാണ് 63 കാരനായ അമര്‍പുരിക്ക് അഡീഷണല്‍ ജില്ലാ ജഡ്ജി ബല്‍വന്ത് സിംഗ് 14 വര്‍ഷം തടവ് വിധിച്ചത്. സെക്ഷന്‍ 376 പ്രകാരം രണ്ട് ബലാത്സംഗ കേസുകളില്‍ 7 വര്‍ഷം തടവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ -സി, ഐടി ആക്ടിലെ സെക്ഷന്‍ 67-എ പ്രകാരം 5 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. എന്നാല്‍  ആയുധ നിയമ കേസില്‍ ഇയാള്‍ കുറ്റവിമുക്തനായി. ശിക്ഷ ഒരുമിച്ച് 14 വര്‍ഷം അനുഭവിച്ചാല്‍ മതി. ശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ കോടതി മുറിയില്‍ അമര്‍പുരി പൊട്ടിക്കരഞ്ഞു.

ഇയാളില്‍ നിന്ന് ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീകളില്‍ ആറ് പേര്‍ കോടതിയില്‍ ഹാജരായി. ഇതില്‍  മൂന്ന് പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

2018-ല്‍ ഫത്തേഹാബാദിലെ തോഹാന ടൗണില്‍ നിന്ന് ഹരിയാന പോലീസ് അമര്‍പുരിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് 120 ലൈംഗിക വീഡിയോ ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഹരിയാനയിലെ തൊഹാനയിലെ ബാബ ബാലക് നാഥ് ക്ഷേത്രത്തിലെ മുഖ്യ ദര്‍ശകനായിരുന്നു അമര്‍പുരി.

തന്ത്രി (മന്ത്രവാദി) എന്ന ഖ്യാതി നേടിയ അമര്‍പുരിയെ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീകള്‍ സമീപിക്കാറുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രശ്‌നപരിഹാരത്തിനിടെ ഇയാള്‍ സ്ത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കി ലൈംഗികമായി ചൂഷണം ചെയ്യും. തുടര്‍ന്ന് വീഡിയോ ചിത്രീകരിച്ച് പണത്തിനായി ഭീഷണിപ്പെടുത്തുന്നതായിരുന്നു രീതി. 

2018 ജൂലൈ 19-ന് തോഹാന പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന (എസ്എച്ച്ഒ) പ്രദീപ് കുമാറിന് ലഭിച്ച വിവരമാണ് ഞെട്ടിക്കുന്ന പീഡനകഥകളിലേക്ക് വഴിതുറന്നത്. ഒരു സ്ത്രീയെ പീഡനത്തിനിരയാക്കുന്ന വീഡിയോ എസ്എച്ച്ഒ കണ്ടു. തുടര്‍ന്ന് എസ്എച്ച്ഒയുടെ പരാതിയില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292, 293, 294, 376, 384, 509, ഐടി ആക്ടിലെ സെക്ഷന്‍ 67-എ എന്നീ വകുപ്പുകള്‍ പ്രകാരം ജിലേബി ബാബയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.

അമര്‍പുരി ബില്ലുവെന്ന പ്രതി പഞ്ചാബിലെ മാന്‍സയില്‍ നിന്ന് ജിലേബി വില്‍ക്കാനായാണ് തൊഹാനയിലെത്തിയത്. നാല് പെണ്‍കുട്ടികളുടെയും രണ്ട് ആണ്‍കുട്ടികളുടെയും പിതാവായ ഇയാള്‍ അധികം വൈകാതെ ദുര്‍മന്ത്രവാദം അടക്കമുള്ളവയിലേക്ക് തിരിയുകയായിരുന്നു.