ന്യൂഡൽഹി: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ തീരത്താണ് പരീക്ഷണം നടന്നത്. മിസൈൽ ഉയർന്ന കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജനുവരി പത്തിന് ഒഡീഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് സെന്ററിലാണ് പരീക്ഷണം നടന്നത്.  ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അവിഭാജ്യ ഘടകമാണ് പൃഥ്വി-2 മിസൈൽ എന്ന് മന്ത്രാലയം പറഞ്ഞു. 350 കിലോമീറ്ററാണ് പൃഥ്വി മിസൈലിന്റെ ദൂരപരിധി. 

2003ൽ ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിൽ ഉൾപ്പെടുത്തിയ പൃഥ്വി-2 മിസൈൽ ഇന്ത്യയുടെ അഭിമാനകരമായ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിന് കീഴിൽ ഡിആർഡിഒ വികസിപ്പിച്ചതാണ്. 500 മുതൽ 1000 കിലോ ഗ്രാം വരെ ഭാരമുള്ള ആയുധങ്ങൾ പൃഥ്വിയ്ക്ക് വഹിക്കാനാകും.