ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിക്കുന്ന ഒട്ടേറെ വിവാദ വെളിപ്പെടുത്തലുകളുള്ള ഹാരി രാജകുമാരന്റെ ‘സ്‌പെയര്‍’ പുറത്തിറങ്ങി. 25 ലക്ഷം പതിപ്പുകളാണ് അച്ചടിച്ചിരിക്കുന്നത്. ലോകത്തുടനീളമായി 16 ഭാഷകളില്‍ പുസ്തകം ഇറങ്ങുന്നുണ്ട്.

തന്റെ കഥ പലരും മസാല ചേര്‍ത്ത് വിളമ്പുന്ന സാഹചര്യത്തിലാണ് 38 വര്‍ഷമായുള്ള സ്വന്തം ജീവിതം താന്‍ തന്നെ പറയാന്‍ തീരുമാനിച്ചതെന്നാണ് ഹാരിയുടെ ഭാഷ്യം. ഇതിനകം സ്‌പെയിനില്‍ ഇറങ്ങിയിരിക്കുന്ന പുസ്തകത്തിന്റെ പല ഭാഗങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തിന് പിന്നില്‍ ഹാരിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചത് അമേരിക്കന്‍ നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായി ജെ.ആര്‍. മോറിങ്ങറായിരുന്നു.

പുസ്തകവുമായി ബന്ധപ്പെട്ട കരാറില്‍ ഹാരിയ്ക്ക് രണ്ടു കോടി ഡോളര്‍ കിട്ടിയതായിട്ടാണ് ഇംഗ്‌ളീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക്. രാജകുടുംബങ്ങളിലെ രണ്ടാമന്‍ എന്ന നിലയിലാണ് ആത്മകഥയ്ക്ക് ഹാരി ‘സ്‌പെയര്‍’ എന്ന് പേരിട്ടത്. ചെറുപ്പം മുതല്‍ താന്‍ രാജകുടുംബത്തില്‍ നേരിട്ടിരുന്ന അവഗണന ഹാരി ആത്മകഥയില്‍ തുറന്നു പറഞ്ഞിരിക്കുന്നതിനാല്‍ വെളിപ്പെടുത്തലുകള്‍ രാജകുടുംബത്തെ അലോസരപ്പെടുത്തും.

ഭാര്യ മേഗനുമായുള്ള വിവാഹത്തെ രാജകുടുംബം എതിര്‍ത്തിരുന്നത്, കൊട്ടാരത്തില്‍ മേഗന്‍ നേരിട്ടിരുന്ന വംശീയ വിവേചനം, മൂത്ത സഹോദരന്‍ വില്യമും പിതാവ് ചാള്‍സുമായുള്ള ബന്ധം എന്നിവയെല്ലാം പുസ്തകത്തിലുണ്ട്. പുസ്തകം ഇറങ്ങും മുമ്പ് ഹാരിയുടേതായി അനേകം അഭിമുഖങ്ങള്‍ ബ്രിട്ടനിലെയും അമേരിക്കയിലെയും ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇത് തന്നെ ഞെട്ടിക്കുന്നതാണെന്നിരിക്കെയാണ് പുസ്തകം കൂടി വരുന്നത്.

ആഫ്രോ-അമേരിക്കന്‍ വംശജയായ മേഗനെ 2018-ലാണ് ഹാരി വിവാഹം കഴിച്ചത്. ഭാര്യയോടുള്ള വീട്ടുകാരുടെ അവഗണനയും ബ്രിട്ടീഷ് മാധ്യമങ്ങളുടെ കഥകളും കാരണം ഹാരി ഭാര്യ മേഗനും മകന്‍ ആര്‍ച്ചിയുമായി യുഎസിലെ കാലിഫോര്‍ണിയയിലേക്ക് താമസം മാറിയിരുന്നു. രാജകുടുംബത്തിന്റെ ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ചായിരുന്നു ഇവര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് മറ്റു രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ട്. ലിലിബെറ്റ, ഡയാനാ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.