കൊച്ചി: സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി . കേന്ദ്ര നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് വേസ്റ്റ് ചട്ടപ്രകാരം, നിരോധനത്തിന് അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എന്നാല്‍ അറുപത് ജി എസ് എമ്മിന് താഴെയുളള  ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും.

പ്രകൃതി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ
പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂര്‍ണമായി തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അറുപത് ജി എസ് എമ്മിന് മുകളിലുളള നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. 
കേന്ദ്ര നിയമ ഭേദഗതി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് അറുപത് ജി എസ്എമ്മിന് മുകളിലുളള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കിയത്. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളില്‍ വരിക.