ഗോ ഫസ്റ്റ് വിമാനത്തിനെതിരെ പരാതിയുമായി യാത്രക്കാര്‍. 50 ലധികം യാത്രക്കാരെ കയറ്റാതെ യാണ് വിമാനം ഡല്‍ഹിയിലേക്ക് പറന്നതെന്നാണ് ആരോപണം. നിരവധി പേര്‍ സോഷ്യല്‍മീഡിയയിലൂടെ പരാതി ഉന്നയിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം ജി8116 തിങ്കളാഴ്ച രാവിലെ 6.30ന് പുറപ്പെട്ടു. എന്നാല്‍ 54 യാത്രക്കാരില്ലാതെയാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ യാത്രക്കാര്‍ പരാതിപ്പെടുന്നത്. ബോര്‍ഡിംഗ് പാസുള്ളവരും ലഗേജുകള്‍ ചെക്ക്-ഇന്‍ ചെയ്തവരുമായ യാത്രക്കാര്‍ റണ്‍വേയില്‍ ബസിലായിരുന്നെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

‘ഗോ ഫസ്റ്റ് G 8 116 ഡല്‍ഹി വിമാനത്തിലെ 54 യാത്രക്കാര്‍ ഫൈനല്‍ ബോര്‍ഡില്‍ അവശേഷിക്കുകയും വിമാനം ലഗേജുമായി പുറപ്പെടുകയും ചെയ്തു. ഗുരുതരമായ സുരക്ഷാ വീഴ്ച്ച, യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്’  ബെംഗളൂരു വിമാനത്താവളത്തിലെ അരാജകത്വം കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചു. ‘ 60 യാത്രക്കാരെ റണ്‍വേയില്‍ ബസില്‍ ഉപേക്ഷിച്ച്, G8  116 ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു എങ്ങനെയാണ് ഇത് സാധ്യമാകുക’ എന്നാണ് മറ്റൊരു ഉയോക്താവ് കുറിച്ചത്. അതേസമയം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായി വിമാനകമ്പനി പ്രതികരിച്ചിട്ടുണ്ട്.