ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗറില്‍ അടിയന്തരമായി ഇറക്കിയ മോസ്‌കോ-ഗോവ അന്താരാഷ്ട്ര വിമാനം സുരക്ഷിതമെന്ന് അധികൃതര്‍. ഇന്നലെ രാത്രി മുതല്‍ നീണ്ട പരിശോധനയില്‍ വിമാനത്തില്‍ നിന്ന് സംശയാസ്പദമായ ഒന്നും എന്‍എസ്ജിക്ക് കണ്ടെത്താനായില്ല. എല്ലാ യാത്രക്കാരുടെയും ബാഗുകള്‍ എന്‍എസ്ജി പരിശോധിച്ചതായി ജാംനഗര്‍ എസ്പി വ്യക്തമാക്കി. രാവിലെ പത്ത് മണിയോടെ വിമാനം വീണ്ടും പറന്നുയരുമെന്നാണ് വിമാനത്താവള അധികൃതരുടെ അറിയിപ്പ്. 

240-ലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാത്രി 9.49 ഓടെ വിമാനം ജാംനഗറില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും ഇറക്കി വിമാനം പരിശോധിച്ചിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇത് വ്യാജമാകാമെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വാസ്‌കോ സലിം ഷെയ്ഖ് പറഞ്ഞു.

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്കുള്ള അസൂര്‍ എയര്‍ വിമാനത്തില്‍ ബോംബ് ഭീഷണി ഉണ്ടായതായി ഇന്ത്യന്‍ അധികൃതര്‍ എംബസിയെ അറിയിച്ചതായി റഷ്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. ‘വിമാനം ജാംനഗര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബേസില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്.  അധികൃതര്‍ വിമാനത്തിന്റെ പരിശോധന നടത്തുകയാണ്.’എന്നായിരുന്നു എംബസിയുടെ അറിയിപ്പ്. 

നേരത്തെ ഒരു രാജ്യാന്തര വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന് ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഇമെയില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും അഗ്‌നിശമന സേനയും സംഭവസ്ഥലത്തെത്തി. ഇതുകൂടാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും കലക്ടറും പൊലീസ് സൂപ്രണ്ടും വിമാനത്താവളത്തിലെത്തിയിരുന്നു.