ബംഗളൂരു: ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോയുടെ തൂണ് തകർന്ന് വീണ് അപകടം. അപകടത്തിൽ സ്ത്രീയും രണ്ടര വയസ്സുള്ള മകനും മരിച്ചു. റോഡിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് മുകളിലൂടെയാണ് തൂൺ തകർന്നു വീണത്. 

യുവതിയുടെ ഭർത്താവിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. 

നാഗവര മേഖലയിലെ മെട്രോ പില്ലറാണ് തകർന്നു വീണത്. കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ ലേ ഔട്ടിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്.  25കാരിയായ തേജസ്വിയും മകൻ വിഹാനും ആണ് മരിച്ചത്.

അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.