സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ഈ ഭക്ഷണം കഴിച്ച നിരവധി വിദ്യാര്‍ത്ഥികളെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഭിര്‍ഭൂമിലെ മയൂരേശ്വര്‍ ബ്ലോക്കിലെ മണ്ഡല്‍പൂര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനിടെ പയറിന്റെ പാത്രങ്ങളിലൊന്നിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. അപ്പോഴേക്കും വിദ്യാര്‍ഥികളില്‍ ചിലര്‍ ഭക്ഷണം കഴിച്ചിരുന്നു. 20 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപ്രശനങ്ങളുണ്ടായി. തുടര്‍ന്ന് ഇവരെ സൈത്യന്‍ ബ്ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യനില വഷളായ വിദ്യാര്‍ത്ഥികളെ രാംപൂര്‍ഹട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ രോഷാകുലരായ രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തി പ്രതിഷേധ പ്രകടനം നടത്തി. അധ്യാപികയുടെ ബൈക്കും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. അധ്യാപകരുടെയും പാചകക്കാരുടെയും പിഴവാണ് ഈ സംഭവത്തിന് കാരണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ബിപിഎം പോഷകാഹാര പദ്ധതിക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ ചിക്കനും ഫലവര്‍ഗങ്ങളും നല്‍കണമെന്ന് മമത സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ സംഭവം. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.