സൈനിക വിരുദ്ധ ട്വീറ്റില്‍ ഷെഹ്ല റഷീദിനെ പ്രോസികൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എഐഎസ്എ) അംഗവുമാണ് ഷെഹ്ല. 

‘വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ഐക്യം തകര്‍ക്കാനും ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് രണ്ട് ട്വീറ്റുകള്‍ എഴുതിയ, ജെഎന്‍യു സ്റ്റുഡന്റ്സ്  മുന്‍ വൈസ് പ്രസിഡന്റും എഐഎസ്എ അംഗവുമായ ഷെഹ്ല റാഷിദിനെതിരെ ഡല്‍ഹി എല്‍ജി വികെ സക്സേന പ്രോസിക്യൂഷന്‍ അനുമതി നല്‍കി.’ എല്‍ജിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

അലഖ് അലോക് ശ്രീവാസ്തവയുടെ പരാതിയുടെ 2019 ലാണ് ഷെഹ്ലയ്‌ക്കെതിരെ, ഡല്‍ഹിയിലെ സപെഷ്യല്‍ സെല്‍ പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 153 എ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജമ്മു കശ്മീരില്‍ സൈന്യം വീടുകളില്‍ കയറി ആണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയാണെന്ന ട്വീറ്റിന് പിന്നാലെയാണ് ഷെഹ്ലക്കെതിരെ കേസെടുത്തത്.

‘രാത്രിയില്‍ സായുധ സേനകള്‍ വീടുകളില്‍ കയറുന്നു, ആണ്‍കുട്ടികളെ പിടിക്കുന്നു, വീടുകള്‍ കൊള്ളയടിക്കുന്നു, ബോധപൂര്‍വം റേഷന്‍ തറയില്‍ കള അയുന്നു. അരിയില്‍ എണ്ണ കലര്‍ത്തുന്നു, ‘ 2019 ഓഗസ്റ്റില്‍ ഷെഹ്ല ട്വീറ്റ് ചെയ്തു.

‘ഷോപിയാനില്‍ 4 പേരെ ആര്‍മി ക്യാമ്പിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു (പീഡിപ്പിക്കപ്പെട്ടു).  അവരുടെ അടുത്ത് ഒരു മൈക്ക് വെച്ചതിനാല്‍ പ്രദേശം മുഴുവന്‍ അവരുടെ നിലവിളി കേട്ടു. ഇത് പ്രദേശമാകെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു.’ മറ്റൊരു ട്വീറ്റില്‍ ഷെഹ്ല എഴുതി. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ സൈന്യം തള്ളിയിരുന്നു. ഡല്‍ഹി പോലീസാണ് പ്രോസിക്യൂഷന്‍ അനുമതിക്കുള്ള നീക്കം നടത്തിയത്. ഡല്‍ഹി സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ പിന്തുണയും പോലീസിന് ലഭിച്ചു.