വാഷിങ്ടൺ: ശീതയുദ്ധകാലത്ത് അമേരിക്കയെ ഞെട്ടിച്ച ഏറ്റവും വലിയ ചാരവൃത്തി നടത്തിയ യു.എസ് പൗരി രണ്ട് പതിറ്റാണ്ടിനുശേഷം ജയിൽമോചിതയായി. ക്യൂബയുടെ രാജ്ഞി എന്ന പേരിൽ അറിയപ്പെട്ട അന മോൺടെസ് 25 വർഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും അഞ്ചുവർഷം ശിക്ഷയിളവ് നൽകിയതോടെയാണ് പുറത്തിറങ്ങിയത്.

ഇപ്പോൾ 65 വയസ്സുള്ള അന മോൺടെസ് 2001 സെപ്റ്റംബർ 21നാണ് അറസ്റ്റിലാകുന്നത്. 1985 മുതൽ 2001 വരെ പെന്റഗണിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ അനലിസ്റ്റായി ജോലി ചെയ്ത ‘ക്യൂബയുടെ രാജ്ഞി’ ക്യൂബക്ക് അമേരിക്കയുടെ നിരവധി രഹസ്യങ്ങളാണ് ചോർത്തിനൽകിയത്. അമേരിക്ക അഫ്ഗാനിസ്താനിലും താലിബാനെതിരെയും നടത്താൻ തീരുമാനിച്ച ആക്രമണങ്ങളെക്കുറിച്ചും ഇവർക്ക് വിവരമുണ്ടായിരുന്നു.

1984ൽ നീതിന്യായ വകുപ്പിൽ ക്ലറിക്കൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ നയങ്ങളോടുള്ള എതിർപ്പ് മൂലമാണ് ചാരപ്രവർത്തനം ആരംഭിച്ചത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയടക്കം സർക്കാറുകൾക്കെതിരെ റീഗൻ ഭരണകൂടം നടത്തിയ പ്രവർത്തനങ്ങളാണ് അന മോൺടെസിനെ ചാര വനിതയാക്കിയത്.

മറ്റ് രാജ്യങ്ങളിൽ സ്വന്തം ഇഷ്ടം അടിച്ചേൽപിക്കാൻ അമേരിക്കക്ക് അധികാരമില്ലെന്ന് അവർ വിശ്വസിച്ചിരുന്നതായി അന്വേഷണത്തിന് നേതൃത്വം നൽകിയ എഫ്.ബി.ഐ സ്പെഷൽ ഏജൻറ് പീറ്റ് ലാപ് പറഞ്ഞു. സാമ്പത്തികലാഭത്തിന് പകരം ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് അവർ ചാരപ്രവർത്തനം നടത്തിയത്. നിരവധി രേഖകളാണ് ക്യൂബക്കായി അവർ കൈമാറിയത്. അതേസമയം, ജയിൽമോചിതയായെങ്കിലും അഞ്ചുവർഷം കൂടി സർക്കാർ ഏജൻസികളുടെ നിരീക്ഷണത്തിലായിരിക്കും.