ക്യാന്‍സര്‍.. ഭയം മാത്രം ഉള്ളില്‍ നിറയുന്ന വാക്കും രോഗവും…. മനുഷ്യ ശരീരത്തിനെ ഇഞ്ചിഞ്ചായി കാര്‍ന്നു തിന്നുന്ന രോഗം… ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ച് മരണത്തിലേയ്ക്ക് നയിച്ചിരുന്ന ഒരു അസുഖമായിരുന്നു കാന്‍സര്‍. തുടക്കത്തില്‍ തന്നെ കണ്ടെത്തിയില്ലെങ്കില്‍ ചികിത്സിച്ചു മാറ്റുവാന്‍ സാധിക്കാത്ത ഒരു രോഗവും. ഇനി ആരും ഭയക്കേണ്ട.

ചികിത്സിച്ചു മാറ്റാന്‍ മരുന്നുണ്ട് മെഡിക്കല്‍ രംഗത്ത് പുത്തന്‍ പ്രതീക്ഷ ഉണര്‍ത്തി മസ്തിഷ്‌ക കാന്‍സറിന് എതിരെ പ്രതിരോധ വാക്സിന്‍ കണ്ടെത്തി. നേരത്തെ മലാശയ ക്യാന്‍സറിനും മരുന്ന് കണ്ടെത്തിയിരുന്നു.. ഇപ്പോള്‍ ഇതാ വാക്സിനും. മസ്തിഷ്‌ക കാന്‍സറിന് പ്രതിരോധ വാക്സിന്‍ കണ്ടെത്തി. മസ്തിഷ്‌ക കാന്‍സറിനെ പ്രതിരോധിക്കാന്‍ അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ ആണ് വാക്സിന്‍ കണ്ടു പിടിച്ചത്. അര്‍ബുദ ചികിത്സാ രംഗത്തു പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഗവേഷണ ഫലമാണ് ബ്രിഗാം വനിതാ ആശുപത്രിയില്‍ നിന്നും പുറത്തു വരുന്ന പരീക്ഷണ ഫലം…

സെല്‍ തെറാപ്പിയിലൂടെ അര്‍ബുദ കോശങ്ങളെ മസ്തിഷ്‌ക അര്‍ബുദത്തിനെതിരെ പ്രവര്‍ത്തിപ്പിക്കുക ആണ് വാക്സിന്‍ ചെയ്യുന്നത്. ഇതിലൂടെ മസ്തിഷ്‌കത്തിലെ ട്യൂമര്‍ ഇല്ലാതാക്കാകുകയും ശരീരത്തിന് ദീര്‍ഘ കാലത്തെ പ്രതിരോധശക്തി നല്‍കുകയും ചെയ്യുന്നു. കൂടാതെ ഭാവിയില്‍ മസ്തിഷ്‌ക അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശരീരത്തെ പ്രാപ്തം ആക്കുകയും ചെയ്യുന്നു. അതിതീവ്ര മസ്തിഷ്‌കാ അര്‍ബുദമായ ഗ്ലിയോബ്ലാസ്‌റ്റോമ ബാധിച്ച എലിയില്‍ നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. അര്‍ബുദ കോശങ്ങള്‍ അര്‍ബുദത്തിന് എതിരെ പ്രവര്‍ത്തിക്കുകയും വാക്സിന്‍ ആവുകയും ചെയ്യുക എന്ന ലളിതമായ ആശയമാണ് പ്രവര്‍ത്തികം ആക്കിയതെന്നു സെന്റര്‍ ഫോര്‍ സ്റ്റെം സെല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ഇമ്മ്യൂണോതെറാപ്പി ഡയറക്ടര്‍ കൂടിയായ ഖാലിദ് ഷാ പറഞ്ഞു.

പതിവ് രീതിക്ക് വ്യത്യസ്തമായി മൃത കോശങ്ങള്‍ക്ക് പകരം സജീവ അര്‍ബുദ കോശങ്ങളെ ഉപയോഗിച്ചാണ് ഷായും സംഘവും ഗവേഷണം നടത്തിയത്. അര്‍ബുദ കോശങ്ങള്‍ സഹ കോശങ്ങളെ കണ്ടെത്താന്‍ മസ്തിഷ്‌കത്തിലൂടെ ദീര്‍ഘ ദൂരം സഞ്ചരിക്കും. ഈ സവിശേഷതയെ പ്രയോജനപ്പെടുത്തി ആണ് സിര്‍ഐഎസ്പി ആര്‍ സി എ എസ് 9 എന്ന ടൂള്‍ ഉപയോഗിച്ചു അര്‍ബുദ കോശങ്ങളെ ആന്റി സെല്‍ ആക്കി മാറ്റിയത്. കൂടാതെ അര്‍ബുദ കോശങ്ങള്‍ക്ക് ചുറ്റുമായി രണ്ട് പാളികള്‍ ഉള്ള സുരക്ഷാ കവചവും നിര്‍മിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ആന്റി സെല്‍ ആക്കിയ അര്‍ബുദ കോശങ്ങളെ ഇല്ലാതാക്കാനും ഇത് വഴി സാധിക്കും.

മറ്റ് അര്‍ബുദങ്ങള്‍ ബാധിച്ച എലികളിലും സമാന വാക്സിന്‍ ഉപയോഗിച്ചു പരീക്ഷണം നടത്തി. ക്യാൻസർ ചികിത്സാ രംഗത്ത് വിപ്ലവമായി മാറിയ ബേസ് എഡിറ്റിംഗ് സാങ്കേതിക വിദ്യയെക്കുറിച്ച് അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ലണ്ടണ്‍ ഗ്രേറ്റ് ഓര്‍മന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ സാങ്കേതിക വിദ്യയിലൂടെ കാന്‍സര്‍ ബാധിതയായ പതിമൂന്നൂകാരിയെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.