ബീജിംഗ്: തന്റെ ഉടമസ്ഥതയിലുള്ള ഫിൻ ടെക് കമ്പനിയായ ആൻഡ് ഗ്രൂപ്പിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ ചൈനീസ് ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പ് സ്ഥാപകനുമായ ജാക്ക് മാ തീരുമാനിച്ചു. ആൻഡ് ഗ്രൂപ്പ് സ്ഥാപകൻ, മാനേജ്മെന്റ്, സ്റ്റാഫ് എന്നിവരടങ്ങുന്ന 10 വ്യക്തികൾക്കാണ് സ്വതന്ത്ര വോട്ടവകാശം നൽകുന്നത്. കമ്പനിയിൽ 50 ശതമാനത്തിലേറെ വോട്ടിംഗ് അവകാശമുണ്ടായിരുന്ന ജാക്ക് മായ്ക്ക് ഇനി അത് 6.2 ശതമാനമായി ചുരുങ്ങും.

2020ൽ ഡിജി​റ്റൽ പേയ്‌മെന്റുകളടക്കമുള്ള ആൻഡ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടവുമായി ജാക്ക് മാ ഇടഞ്ഞിരുന്നു. ഇതിന് പിന്നാലെ ജാക്ക് മായ്ക്കും ആൻഡ് ഗ്രൂപ്പിനും മേൽ ചൈനീസ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആൻഡ് ഗ്രൂപ്പിന്റെ 37 ബില്യൺ ഡോളറിന്റെ ഐ.പി.ഒ സർക്കാർ തടഞ്ഞു. പിന്നാലെ ജാക്ക് മാ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ആലിബാബയ്ക്കെതിരെ ഭരണകൂടം നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഫിൻ ടെക് കമ്പനിയായ ആൻഡ് ഗ്രൂപ്പിന്റെ നിയന്ത്രണം വിട്ടുനൽകുന്നതോടെ ജാക്ക് മായ്ക്ക് മേൽ ചുമത്തപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്നും കരുതുന്നു.