ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രം പൊളിക്കുമെന്നും പകരം മസ്ജിദ് സ്ഥാപിക്കുമെന്നും അൽഖ്വയ്ദ. അൽഖ്വയ്ദയുടെ ഓൺലൈൻ പ്രസിദ്ധീകരണമായ ഗസ്വ ഇ ഹിന്ദിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ ഭീഷണിയുള്ളത്. ഈ ആഴ്ച ഓൺലൈനിൽ പ്രസിദ്ധീകരിച്ച 110 പേജുള്ള മാസികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എന്നിവരെ കുറിച്ചും പരാമർശമുണ്ട്.

ലേഖനങ്ങളിലെ രാമക്ഷേത്രത്തെ കുറിച്ചും മറ്റുമുള്ള വിവരങ്ങൾ പരിശോധിച്ച ഒരു മുതിർന്ന ഇന്റലിജൻസ് ഓഫീസർ ഇത് ഇന്ത്യൻ സാഹചര്യങ്ങളുമായി അടുത്ത ബന്ധമുള്ളയാരോ എഴുതിയതാണെന്ന സംശയമാണ് പ്രകടിപ്പിക്കുന്നതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജിഹാദിനെ പിന്തുണയ്ക്കാൻ ഇന്ത്യൻ മുസ്ലീങ്ങളോട് അഭ്യർത്ഥിക്കുന്ന അൽഖ്വയ്ദ പ്രസിദ്ധീകരണം ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുന്നത് പോലെ, അത് പൊളിച്ച് മസ്ജിന് പണിയണമെന്നാണ് ആഹ്വാനം ചെയ്യുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഇസ്ലാമിന്റെ ഭാഗമാകുമെന്നും വിഗ്രഹാരാധന ഇല്ലാതാക്കുന്നതിനെകുറിച്ചുള്ള പദ്ധതികളും അൽഖ്വയ്ദ ഉയർത്തുന്നുണ്ട്.

വധിക്കപ്പെട്ട ഭീകരൻ ഒസാമ ബിൻ ലാദനാണ് 1988ൽ അൽഖ്വയ്ദ സ്ഥാപിച്ചത്. ബിൻ ലാദന്റെ മരണശേഷം ഭീകരസംഘടനയുടെ കമാൻഡറായി മാറിയ അയ്മൻ അൽസവാഹരിയാണ് ഭീകരപ്രസ്ഥാനത്തിന്റെ നോട്ടം ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചത്. ഇതിനായി ഏഷ്യൻ വിഭാഗം രൂപീകരിച്ചിരുന്നു. എന്നാൽ 2019ൽ അഫ്ഗാനിസ്ഥാനിലെ മൂസാഖല പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ അൽഖ്വയ്ദയുടെ ഏഷ്യൻ വിഭാഗത്തിന്റെ സ്ഥാപക കമാൻഡറായ അസിം ഉമർ എന്നറിയപ്പെടുന്ന സനഉൽഹഖ് കൊല്ലപ്പെട്ടു. ഇയാൾ ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നിന്നുള്ളയാളാണ്.