ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാറിന്റെ ഭരണം അഴിമതിയിലൂടെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് താമര വിരിയുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ജാർഖണ്ഡിലെ ചൈബാസയിൽ വിജയ് സങ്കൽപ്പ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘സർക്കാർ മുട്ടോളം അഴിമതിയിലാണ്, ഹേമന്ദ് സോറൻ സംസ്ഥാനത്തെ നശിപ്പിച്ചു, സോറൻ ഗോത്ര സമൂഹത്തിൽപ്പെട്ടയാൾ ആണെങ്കിലും ഈ സർക്കാർ ആ സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. ഹേമന്ത് സോറനോട് ഇവിടുത്തെ ഗോത്രവർഗ്ഗക്കാർ ക്ഷമിക്കില്ല’ അമിത് ഷാ പറഞ്ഞു. 

സംസ്ഥാനത്തുടനീളം അനധികൃത നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്ത്രീകളെ നിർബന്ധിച്ച് വിവാഹം കഴിക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നുവെന്നും ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാർ അവർക്കായി ഒന്നും ചെയ്യുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു.

‘ആദിവാസി സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ബിജെപി നിരവധി നടപടികൾ സ്വീകരിക്കുന്നു, അഴിമതിയിൽ മുങ്ങിയ ഹേമന്ത് സോറൻ സർക്കാർ ദളിത്-ആദിവാസി സഹോദരിമാരെ സംരക്ഷിക്കാതെ വോട്ട് ബാങ്ക് സംരക്ഷിക്കുന്നു,’ ഷാ ആരോപിച്ചു. ദുംക കൊലപാതകം, സാഹെബ്ഗഞ്ച് കൊലപാതകം എന്നീ കേസുകളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സോറൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

സംസ്ഥാനത്ത് ബിജെപി ആവിഷ്കരിച്ച വികസന പദ്ധതികളെ കുറിച്ചും അമിത് ഷാ ജനങ്ങളോട് പറഞ്ഞു. കൂടാതെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ തീവ്രവാദം അവസാനിക്കുന്നതിന്റെ വക്കിലാണ്, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ മുഴുവൻ ഇടതുപക്ഷ തീവ്രവാദത്തിൽ നിന്ന് മുക്തമാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും ഷാ കൂട്ടിച്ചേർത്തു.