ടെഹ്‌റാൻ: ഇറാനിലെ സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത രണ്ട് യുവാക്കളെ കൂടി ഇറാൻ തൂക്കിലേറ്റി. പ്രക്ഷോഭത്തിനിടെ സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് രണ്ട് പേരെ വധിച്ചത്. മുഹമ്മദ് കരാമി, മുഹമ്മദ് ഹൊസൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയവരുടെ എണ്ണം നാലായി. 22കാരിയായ കുർദിഷ് ഇറാൻ വനതി മെഹ്‌സ ആമിനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനിൽ പ്രക്ഷോഭം നടക്കുന്നത്. 

മുഹമ്മദ് കരാമിയ്ക്കും മുഹമ്മദ് ഹൊസൈനിയ്ക്കും പുറമെ അർദ്ധ സൈനിക സേനയിലെ അംഗത്തെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്കെതിരെ വധ ശിക്ഷയും 11 പേർക്ക് ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. മുഹമ്മദ് കരാമിയേയും മുഹമ്മദ് ഹൊസൈനിയേയും തൂക്കിലേറ്റിയതായി ജുഡീഷ്യറി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയുടെ പ്രസ്താവനയിൽ പറഞ്ഞു. 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് നിയമസഹായവും ലഭിക്കുന്നില്ല. കരാട്ടെ ചാംപ്യനായ മുഹമ്മദ് കരാമിയെയും മുഹമ്മദ് ഹൊസൈനിയെയും ക്രൂരമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അഭിഭാഷകർ ആരോപിച്ചു. കൈകളും കാലുകളും കെട്ടിയിട്ട് മർദിക്കുകയും തലയിൽ ചവിട്ടുകയും ചെയ്തു, ദേഹാസ്വാസ്ഥ്യം അനുഭവിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തുവെന്നും അഭിഭാഷകൻ ആരോപിച്ചു.

അതേസമയം പീഡനത്തിനിരയായി കുറ്റസമ്മതം നടത്തിയെന്ന വാദം ഇറാൻ നിഷേധിച്ചു. യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞൻ ശനിയാഴ്ച വധശിക്ഷയെ അപലപിക്കുകയും പ്രതിഷേധക്കാർക്കെതിരായ വധശിക്ഷ ഉടൻ നിർത്താനും നിലവിലുള്ള ശിക്ഷകൾ റദ്ദാക്കാനും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മെഹ്‌സ ആമിനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് സെപ്റ്റംബർ 17നാണ് പ്രക്ഷോഭം ആരംഭിച്ചത്.