ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമപരമാക്കണമെന്നത് സംബന്ധിച്ച ഹർജികളിൽ ഫെബ്രുവരി 15നകം കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി. സ്വവർഗ വിവാഹം സംബന്ധിച്ച് വിവിധ ഹൈക്കോടതികളിൽ തീർപ്പില്ലാതെ കിടക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദ്ദേശിച്ചു. കേസ് മാർച്ച് 13ന് വീണ്ടും പരിഗണിക്കും.

കേസ് അഭിഭാഷകനെ ഏല്പിക്കാൻ കഴിയാത്തവർക്കോ ഡൽഹിയിലേക്ക് വരാൻ കഴിയാത്തവർക്കോ വെർച്വൽ പ്ലാറ്റ് ഫോം ഉപയോഗിക്കാം. മുൻകൂട്ടി അറിയിച്ചാൽ ഇതിനുള്ള ലിങ്ക് നൽകും. ഹർജിക്കാർക്കായി അഭിഭാഷക അരുന്ധതി കട്ജുവിനെയും കേന്ദ്രസർക്കാരിന് വേണ്ടി കനു അഗർവാളിനെയും നോഡൽ കോൺസലർമാരായി നിയമിച്ചു.

നേരത്തെ വിഷയം പരിഗണിച്ചപ്പോൾ സുപ്രീം കോടതി മുമ്പാകെ രണ്ട് വഴികളാണുള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചിരുന്നു. നിലവിൽ ഹർജി പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതിയുടെ വിധിക്കായി കാത്തിരിക്കുകയോ എല്ലാ ഹർജികളും സുപ്രീം കോടതിയിലേക്ക് മാറ്റുകയോ ചെയ്യാം എന്നതായിരുന്നു അവ. 10 വർഷമായി ഒന്നിച്ച് കഴിയുന്ന സുപ്രിയോ ചക്രവർത്തിയും അഭയ് ദാംഗും സമർപ്പിച്ച ഹർജിയും ഇതിലുണ്ട്. 2021 ഡിസംബറിൽ ഒരു ചടങ്ങ് നടത്തിയിരുന്നു. മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം അംഗീകരിക്കണമെന്നാണ് അവരുടെ ആവശ്യം. 17വർഷമായി ഒന്നിച്ചു കഴിയുന്ന പാർത്ഥ് ഫിറോസ് മെഹ്റോത്രയും ഉദയ് രാജ് ആനന്ദും ഹർജിക്കാരിൽ പെടുന്നു.