മെക്‌സിക്കോ സിറ്റി: മെക്സിക്കന്‍ ലഹരി മാഫിയ തലവന്‍ ഒവീഡിയോ ഗുസ്മാന്റെ അറസ്റ്റിനെ തുടർന്നുണ്ടായ അക്രമത്തിൽ 29 പേർ കൊല്ലപ്പെട്ടു. 19 അക്രമികളും 10 സൈനികരുമാണ് കൊല്ലപ്പെട്ടത്. മെക്സികോയിലെ സിനലോവ സംസ്ഥാനത്താണ് അക്രമം അരങ്ങേറിയത്. ഇതിന്‍റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കുപ്രസിദ്ധ മെക്സിക്കന്‍ ലഹരി മാഫിയ മുൻ തലവന്‍ ജൊവാക്വിം ഗുസ്മാന്‍റെ മകനാണ് ഒവീഡിയോ. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനും ശക്തനുമായ ലഹരിമരുന്ന് രാജാവ് എന്നാണ് എൽചാപോ എന്ന് വിളിക്കുന്ന ജൊവാക്വിം ഗുസ്മാന്‍ ലോയേറ അറിയപ്പെടുന്നത്. പിടിയിലാകുമ്പോഴെല്ലാം എൽചാപോ ജയിലിൽനിന്ന് രക്ഷപ്പെടുമായിരുന്നു. 2001ല്‍ രക്ഷപെട്ട ഗുസ്മാൻ 13 വര്‍ഷത്തിന് ശേഷം പിടിയിലായെങ്കിലും ഒരു വര്‍ഷം തികയും മുമ്പ് വീണ്ടും രക്ഷപ്പെട്ടു. മെക്സിക്കോയിലെ അതീവ സുരക്ഷാ സംവിധാനമുള്ള ജയിലില്‍ നിന്ന് അനുയായികൾ തീർത്ത ഒന്നര കിലോമീറ്റർ എ.സി തുരങ്കത്തിലൂടെയാണ് 2015 ജൂലൈയിൽ ഗുസ്മാന്‍ കടന്നുകളഞ്ഞത്. ഒടുവിൽ 2016 ജനുവരിയിൽ പിടിയിലായപ്പോൾ പിറ്റേ വർഷം തന്നെ ഇയാളെ അമേരിക്കക്ക് കൈമാറുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കോളറാഡോയിലെ ജയിലിൽ കഴിയുകയാണ് എൽചാപോ. ഇപ്പോൾ എൽചാപോയുടെ 32കാരനായ മകനെയും മെക്സിക്കൻ അധികൃതർ പിടികൂടിയിരിക്കുകയാണ്.

മാഫിയ സംഘവുമായുള്ള കടുത്ത ഏറ്റുമുട്ടലിനൊടുവിലാണ് ഒവിഡീയോയെ പിടികൂടിയതെന്ന് മെക്സിക്കൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. സംഘത്തിന്‍റെ ശക്തികേന്ദ്രമായ കുലിയകാന നഗരത്തിൽ വെച്ച് തന്നെയാണ് ഒവീഡിയോയെ കീഴ്പ്പെടുത്തിയത്. നഗരവാസികൾ വീടിന് പുറത്തിറങ്ങരുതെന്ന് സിനലോവ ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. സായുധ പൊലീസ് നീക്കം തുടങ്ങിയതോടെ റോഡുകൾ അടച്ചും വാഹനങ്ങൾക്ക് തീയിട്ടുമാണ് മാഫിയ സംഘം ആക്രമണം തുടങ്ങിയത്.

എൽചാപോയെ അമേരിക്കക്ക് കൈമാറിയ ശേഷം ഒവീഡിയോ മാഫിയയുടെ നേതൃത്വത്തിലേക്കെത്തുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇയാൾ അറസ്റ്റിലാകുന്നത്. 2019ൽ പിടിയിലായെങ്കിലും മാഫിയ സംഘത്തിന്‍റെ ഭീഷണിയെ തുടർന്ന് സിനലോവയിലെ ജനങ്ങളുടെ സുരക്ഷയെ കരുതി അധികൃതർ ഇയാളെ ഉടൻ വിട്ടയക്കുകയായിരുന്നു.