ഉത്തർപ്രദേശ്: റെയിൽവേയുടെ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കോച്ചിന് മുകളിൽ കയറിയ യുവാവ് അബദ്ധത്തിൽ വൈദ്യുത കമ്പിയിൽ തട്ടുകയും ഉടനടി മരിക്കുകയുമായിരുന്നു. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് ഫറൂഖാബാദിലേക്ക് പോവുകയായിരുന്ന ട്രെനിലാണ് സംഭവം.

പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്നും സ്ത്രീ യാത്രക്കാരിയുടെ ചെരുപ്പ് കുരങ്ങൻ തട്ടിയെടുക്കുകയും അത് തിരികെ  എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കടിക്കുകയുമായിരുന്നു. തട്ടിയെടുത്ത ചെരിപ്പുമായി ട്രെയിനിന്റെ കമ്പാർട്ടുമെന്റിലേക്കും പിന്നാലെ കോച്ചിന് മുകളിലേക്കും കുരങ്ങ് ഓടിക്കയറി. എന്നാൽ യാത്രക്കാർ ബഹളം വച്ചതോടെ കുരങ്ങൻ ചെരുപ്പ് ഉപേക്ഷിച്ച് ഓടി.

ചെരുപ്പ് എടുക്കാനായി ട്രെയിനിന് മുകളിൽ കയറിയ യുവാവ് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ പോലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോച്ചിന് മുകളിൽ കയറിയ യുവാവ് അബദ്ധത്തിൽ വൈദ്യുത കമ്പിയിൽ ഇടിച്ചതായി സ്റ്റേഷൻ മാസ്റ്റർ മനോജ് ശർമ്മ പറയുന്നു. 

സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരുടെ നിലവിളി കേട്ടാണ് സ്റ്റേഷൻ മാസ്റ്റർ അടക്കം സ്ഥലത്തെത്തിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും യുവാവ് അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പിന്നാലെ കോച്ചിന്റെ മുകളിൽ നിന്നും മൃതദേഹം പുറത്തെടുത്തു. അശോക് എന്നയാളാണ് മരിച്ചതെന്ന് സ്‌റ്റേഷൻ മാസ്റ്റർ അരിയിച്ചു. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്.