കഴിഞ്ഞ വർഷം ഒരുകൂട്ടം പുതിയ ഫീച്ചറുകൾ വാട്‍സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഫീച്ചറുകളും പ്രൈവസി അപ്‌ഡേറ്റുകളും പ്ലാറ്റ്‌ഫോമിനെ കൂടുതൽ സുരക്ഷിതമാക്കുകയും ഉപയോക്തൃ ഇന്റർഫേസ് മെച്ചപ്പെടുത്തുകയും ചെയ്യുകയുമുണ്ടായി. ഇപ്പോഴിതാ പുതിയ തീരുമാനവുമായി വാട്‍സ്ആപ്പ് രംഗത്ത് വന്നിരിക്കുകയാണ്. ചാറ്റ് ട്രാൻസ്‌ഫർ സവിശേഷതയാണ് പുതുതായി കൊണ്ട് വരുന്നത്.

കഴിഞ്ഞ വർഷം മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി, ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ഹിസ്‌റ്ററി iOS-ലേക്ക് മൈഗ്രേറ്റ് ചെയ്യാൻ അനുവദിക്കുന്നതിന് ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ WABetaInfo അനുസരിച്ച്, വാട്ട്‌സ്ആപ്പ് ഒരു പുതിയ ചാറ്റ് ട്രാൻസ്‌ഫർ ഫീച്ചർ വികസിപ്പിച്ചെടുക്കുകയാണ്. അതിലൂടെ ഉപയോക്താക്കളെ ചാറ്റ് ഹിസ്‌റ്ററി ഒരു പുതിയ ആൻഡ്രോയിഡ് ഉപകരണത്തിലേക്ക് മാറ്റാൻ അനുവദിക്കുന്നു.

ആപ്പിന്റെ വരുന്ന അപ്‌ഡേറ്റുകളിൽ ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ഹിസ്‌റ്ററി ബാക്കപ്പുകൾ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യാൻ വാട്ട്‌സ്ആപ്പ് സൗകര്യം നൽകുന്നുണ്ട്. ഒരു ഉപയോക്താവ് പുതിയ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിലേക്ക് മാറുമ്പോഴെല്ലാം, അവരുടെ വാട്ട്‌സ്ആപ്പിന്റെ എല്ലാ ചാറ്റ് ഹിസ്‌റ്ററിയും ഇമേജുകളും വീഡിയോകളും മറ്റ് ഡാറ്റയും തിരികെ കൊണ്ടുവരാൻ അവർ അവരുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌ത് ചാറ്റ് ബാക്കപ്പ് വീണ്ടെടുക്കണം.

എന്നാൽ പുതിയ ഫീച്ചർ നിലവിൽ വന്ന് കഴിഞ്ഞാൽ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ആപ്പ് ഡാറ്റ ഒരു സ്‌മാർട്ട്‌ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറാൻ കഴിയും. ഇതിനായി വാട്ട്‌സ്ആപ്പ് സെറ്റിങ്സ്> ചാറ്റുകൾ> ചാറ്റ് ട്രാൻസ്‌ഫർ എന്നഓപ്‌ഷൻ തിരഞ്ഞെടുത്താൽ മതിയാകും. ഇതുവഴി ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവ് ബാക്കപ്പിനെ ആശ്രയിക്കാതെ തന്നെ തടസമില്ലാത്ത മൈഗ്രേറ്റിംഗ് ഓപ്ഷൻ ലഭിക്കും.

അതേസമയം, കെപ്‌റ്റ് മെസ്സേജ് ഫീച്ചർ ഉൾപ്പെടെയുള്ള മറ്റ് ചില ഫീച്ചറുകളും വാട്ട്‌സ്ആപ്പ് നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ താൽക്കാലികമായി സംരക്ഷിക്കാൻ കഴിയും, അതുവഴി ചാറ്റിലുള്ള എല്ലാവർക്കും അത് കാണാനാകും എന്നതാണ് പ്രത്യേകത.

ഡിസപ്പിയറിങ്‌ ഓപ്‌ഷൻ ഓണാക്കിയാൽ ചാറ്റ് വിൻഡോയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് തടയാൻ ഉപയോക്താക്കൾക്ക് ചില സന്ദേശങ്ങൾ തിരഞ്ഞെടുത്ത് താൽക്കാലികമായി സംരക്ഷിക്കാനാകും എന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. ചാറ്റിലുള്ള ആർക്കും എപ്പോൾ വേണമെങ്കിലും കെപ്‌റ്റ് മെസ്സേജുകൾ ഡിലീറ്റ് ചെയ്യാൻ വാട്‍സ്ആപ്പ് അനുവദിക്കുമെന്നത് ശ്രദ്ധേയമാണ്. അധികം വൈകാതെ തന്നെ ഈ ഫീച്ചറും വരുമെന്നാണ് സൂചനകൾ.